കൊല്ലം: മുങ്ങിമരണങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലായി സ്കൂൾതലത്തിൽ നീന്തൽ പരിശീലനം തുടങ്ങുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജലസുരക്ഷാകാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സുരക്ഷ മുൻനിറുത്തി ശാസ്ത്രീയ പദ്ധതികളും ആധുനിക സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലസുരക്ഷാ അവബോധം ലക്ഷ്യമാക്കിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാമ്പയിൻ നടത്തുന്നത്. കുട്ടികൾക്കും യുവാക്കൾക്കുമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അഫ്സാന പർവീൺ പറഞ്ഞു.
ഹ്രസ്വ ചിത്രങ്ങളിലൂടെ ബോധവത്കരണം, പ്രാഥമിക ശുശ്രൂഷാ പരിശീലനം, സ്കൂൾതലത്തിൽ അവബോധ പരിപാടികൾ, പൊലിീസുമായി ചേർന്ന് നിയമ നടപടികൾ, അപകമേഖലയിലെ വിനോദസഞ്ചാര നിരീക്ഷണം, തദ്ദേശ സ്ഥാപനങ്ങൾ വഴി നീന്തൽ കുളം നിർമാണം, പരിശീലനം തുടങ്ങിയവയാണ് നടപ്പാക്കുക.
ഫയർ ഓഫീസർ പി.കെ. റെജിമോൻ ജലസുരക്ഷയെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ദുരന്തനിവാരണ അതോറിറ്റി പ്രൊജക്റ്റ് കോ ഒാർഡിനേറ്റർ ജോ ജോൺ ജോർജ്, എ.ഡി.എം.എൻ സാജിത ബീഗം, സൂപ്രണ്ട് സന്തോഷ് കുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, കൊല്ലം എസ്.എൻ കോളേജ്, ടി.കെ.എം എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.