ashokan-

കൊല്ലം: യുവാവിനെ ബ്ളേഡ് ഉപയോഗിച്ച് കഴുത്തിൽ വരഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ശക്തികുളങ്ങര ഷീജാ ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന അശോക് കുമാറിനെയാണ് (53) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ശക്തികുളങ്ങര സ്വദേശിയായ വിഷ്ണുവാണ് ആക്രമണത്തിന് ഇരയായത്. അപകടത്തിൽപ്പെട്ട് മെഡി. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്ക് രക്തം എത്തിക്കാനുള്ള അന്വേഷണത്തിനിടെ ശക്തികുളങ്ങര വാറുകാവ് ക്ഷേത്രത്തിനു സമീപത്തുവച്ച് അശോക് കുമാറുമായി വാക്കേറ്റവും സംഘട്ടനവുമായി. കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിഷ്ണുവിന്റെ കഴുത്തിൽ വരഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തറയിൽ വീണ വിഷ്ണുവിന്റെ ദേഹമാസകലം മുറിവേൽപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ ശക്തികുളങ്ങര പൊലീസ് വിഷ്ണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ശക്തികുളങ്ങര സി.ഐ യു. ബിജു, എസ്.ഐമാരായ അനീഷ്, സലിം, എ.എസ്.ഐ പ്രദീപ്, സുനിൽകുമാർ, അനിൽ, എസ്.സി.പി.ഒ ബിജു, മനീഷ്, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.