കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസിലെ ശിക്ഷാവിധി കേൾക്കാൻ കൊല്ലം അഡിഷണൽ സെഷൻസ് കോടതി (6) പരിസരത്ത് നൂറ് കണക്കിന് പേരാണ് തടിച്ചുകൂടിയത്. പ്രതി സൂരജിന് എന്ത് ശിക്ഷ ലഭിക്കുമെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും.
സൂരജിന് വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒടുവിൽ ജീവിതാവസാനം വരെ ജയിലിൽ കഴിയുമെന്ന വിധി വന്നതോടെ എല്ലാവരും ആശ്വാസത്തിലാണ് മടങ്ങിയത്. പ്രതിയായ സൂരജിനെ കൊണ്ടുവരുമ്പോൾ പ്രതിക്ക് നേരെ നാട്ടുകാരുടെയും ജനക്കൂട്ടത്തിന്റെയും ആക്രമണം ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. തിക്കും തിരക്കും കൂടിയതോടെ ചിലർ മുകളിലെ നിലയിലേക്ക് മാറുകയും ചെയ്തു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയിലും പരിസരത്തും സുരക്ഷ ഒരുക്കിയത്. ദ്രുതകർമ്മസേനാംഗങ്ങളും സുരക്ഷ ഒരുക്കുന്നതിന് കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.