പുനലൂർ: മാതാപിതാക്കൾ വേർ പിരിയുകയോ, വിവാഹ മോചന കേസ് നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേര് ഉൾപ്പെടുത്തിയ റേഷൻ കാർഡിന്റെ അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ കാർഡ് നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നവർക്ക് റേഷൻ കാർഡ് ഇല്ലെങ്കിൽ കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടുമെന്നും കമ്മിഷൻ അംഗം റെനി ആന്റണി ഇറക്കിയ ഉത്തരവിൽ പറയുന്നു. സാങ്കേതിക കാരണങ്ങളാൽ കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ കഴിയാതെ റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. പരവൂർ സ്വദേശികളായ ദമ്പതികൾ വേർ പിരിഞ്ഞു താമസിക്കുകയും കോടതിയിൽ കേസ് നടക്കുന്നതിനാൽ പത്താം ക്ലാസിൽ പഠിക്കുന്ന മകന്റെ പഠനത്തിനാവശ്യത്തിനായി ഭർത്താവിന്റെ റേഷൻ കാർഡിൽ നിന്ന് തന്റെയും മകന്റെയും പേരുകൾ നീക്കം ചെയ്ത് പുതിയ റേഷൻ കാർഡ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് നൽകിയ ഹർജി പരിഗണിച്ചാണ് റേഷൻ കാർഡ് നൽകാൻ ഭക്ഷ്യ,പൊതുവിതരണ സെക്രട്ടറിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും നർദ്ദേശം നൽകിയത്. 30ദിവസത്തിനകം തുടർ നടപടികളെ സംബന്ധിച്ചുള്ള റിപ്പോർട്ടും നൽകണമെന്ന് ഉത്തരവിൽ പറയുന്നു.