കൈ നോക്കി ഫലം പ്രവചിക്കുന്ന കൈനോട്ടക്കാരനെപ്പോലെയാണ് എസ്. ജോയി. കണ്ണു നോക്കി കണ്ണിന്റെ ആരോഗ്യസ്ഥിതിയും രോഗങ്ങളും മനസിലാക്കും. കൈനോട്ടക്കാരന്റെ പ്രവചനങ്ങൾ ചിലപ്പോൾ ഫലിച്ചേക്കില്ല. പക്ഷേ, ജോയിയുടെ നീരീക്ഷണങ്ങൾ തെറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ നേത്ര ചികിത്സാരംഗത്ത് അത്ഭുതങ്ങൾ തീർക്കുകയാണ് ഈ ഒപ്ടോമെട്രിസ്റ്റ്.
നാട്ടുകാർ മാത്രമല്ല, വിദേശികൾ പോലും സേവനം തേടിയെടുത്തുന്നു. ഇദ്ദേഹത്തിന്റെ ഐ ക്ലിനിക്കും പർപ്പിൾ ഐ കെയർ ഹോസ്പിറ്റലും നേത്ര ചികിത്സാരംഗത്തെ വിശ്വസ്ത കേന്ദ്രങ്ങളായി വളരുന്നു. ഈ നേട്ടങ്ങൾക്ക് പിന്നിൽ അനുകരണീയമായ അർപ്പണബുദ്ധിയുണ്ട്. ആർദ്രമായ ഒരു മനസുണ്ട്. കരുനാഗപ്പള്ളി ചെറിയഴീക്കൽ ചിറയിൽ വീട്ടിൽ ഷൺമുഖന്റെയും രാധയുടെയും അഞ്ചാമത്തെ മകനാണ് എസ്. ജോയി. ചെറിയഴീക്കൽ ഗവ.എച്ച്.എസ്, എറണാകുളം തേവര ജി.ആർ.എഫ്.ടി.എച്ച്.എസ്, ചെറിയഴീക്കൽ ഗവ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് 1988ൽ രണ്ടാം റാങ്കോടെയാണ് പാസായത്. പിന്നീട് കൊല്ലം എസ്.എൻ കോളേജിൽ രസതന്ത്രത്തിൽ ബിരുദ പഠനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ പഠനം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നു ഒപ്ടോമെട്രിയിൽ ഡിപ്ലോമയും പിന്നീട് ബിരുദവും നേടി. തൊട്ടുപിന്നാലെ സൗദിയിൽ കൺസൾട്ടന്റ് ഒപ്ടോമെട്രിസ്റ്റായി ജോലി ലഭിച്ചു. അവധിക്ക് വന്നപ്പോൾ 2005ൽ കരുനാഗപ്പള്ളിയിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഒപ്ടിക്ലിനിക്കായ ഐ കെയർ ക്ലിനിക്ക് ആരംഭിച്ചു. ഒപ്ടോമെട്രിസ്റ്റായ ഭാര്യ മഞ്ജുവിനായിരുന്നു നടത്തിപ്പ് ചുമതല. അന്ന് മുതൽ ഇവിടെ മുഴുവൻ സമയവും നേത്രരോഗവിദഗ്ദ്ധരുടെ സേവനമുണ്ട്. 16 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം 2010ൽ മടങ്ങിയെത്തി.
പ്രവാസകാലത്ത് തന്നെ പി.എസ്.സിയുടെ ഒപ്ടോമെട്രിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചെങ്കിലും ജോലി വേണ്ടെന്നു വച്ചു. സ്വന്തമായി ഒരു സ്ഥാപനം പടുത്തുയർത്തി കുറച്ചു പേർക്ക് തൊഴിൽ നൽകുകയായിരുന്നു ലക്ഷ്യം. ഇതിനിടെ മഞ്ജുവിന് ഒപ്ടോമെട്രിസ്റ്റായി സർക്കാർ ജോലി ലഭിച്ചതോടെയാണ് ജോയി മടങ്ങിയെത്തി സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് എതിർവശമാണ് ഐ കെയർ ഒപ്ടി ക്ലിനിക്കിന്റെ ആസ്ഥാനം. വള്ളിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് എതിർവശം ആശ്രയ മെഡിക്കൽസും നടത്തുന്നു. ചവറ ടൈറ്റാനിയം ജംഗ്ഷനിലെ പർപ്പിൾ ഐ കെയർ- ഐ ഹോസ്പിറ്റിൽ ആൻഡ് റിസർച്ച് സെന്ററിന്റെ സി.ഇ.ഒയും മാനേജിംഗ് പാർട്ണറുമണ്. പർപ്പിൾ ഐ കെയർ നേത്ര ചികിത്സയ്ക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയാണ്. എല്ലാവിധ ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നു. തിമിരം, ഗ്ലോക്കോമ, പീഡിയാട്രിക് ഒഫ്ത്താൽമോളജി, കോർണിയ തുടങ്ങിയവയ്ക്ക് പ്രത്യേക വിഭാഗമുണ്ട്.
# കാരുണ്യക്കടൽ
എസ്. ജോയിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകുന്നുണ്ട്. പാവങ്ങൾക്ക് ശസ്ത്രക്രിയ സൗജന്യമാണ്. ഗ്രാമീണ മേഖലകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് സൗജന്യമായി കണ്ണട വിതരണം ചെയ്യുന്നുണ്ട്. പ്രവാസകാലത്ത് കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സൗദിയിൽ സാരംഗ് എന്ന സംഘടന രൂപീകരിച്ചു, 12 വർഷം സെക്രട്ടറി ആയിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ വെൽഫയർ കമ്മിറ്റി അംഗമായിരുന്നു. വിദേശത്ത് ആദ്യമായി മലയാളത്തിൽ അച്ചടിച്ച മലയാളം ന്യൂസ് എന്ന പത്രത്തിന്റെ അസീർ റീജിയൺ റിപ്പോർട്ടറായിരുന്നു. അക്കാലത്ത് നിരവധി മലയാളികളുടെ പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിലെത്തിച്ച് പരിഹരിച്ചു. ഒട്ടേറെ പേർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി. വധശിക്ഷയിൽ നിന്നുവരെ ചിലരെ രക്ഷിക്കാൻ ഈ ഇടപെലുകൾക്കായി.
# വഹിക്കുന്ന പദവികൾ
ആൾ കേരള ഒപ്ടിക്കൽ അസോ., ഇന്ത്യൻ ഒപ്ടോമെട്രിസ്റ്റ് അസോ. കൊല്ലം ജില്ല പ്രസിഡന്റ്
കരുനാഗപ്പള്ളി നഗരസഭ 28-ാം ഡിവിഷനിലെ കൈരളി നഗർ റസിഡന്റ്സ് അസോ. പ്രസിഡന്റ്
വൈസ് മെൻ ക്ലബ് അംഗം, ചവറ സൗത്ത് ലയൺസ് ക്ലബ് ചാർട്ടർ സെക്രട്ടറി
കരുനാഗപ്പള്ളി ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ്
# കുടുംബം
ഭാര്യ മഞ്ജു കോട്ടയം ജനറൽ ആശുപത്രിയിൽ ഒപ്ടോമെട്രിസ്റ്റാണ്. മൂത്തമകൾ മേഘ ജോയ് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ്. ഇളമകൾ നേഹ ജോയ് ബംഗളുരുവിൽ ബാച്ചിലർ ഒഫ് ഡിസൈനിംഗ് കോഴ്സിൽ ഒന്നാം വർഷ വിദ്യാർത്ഥിനി. കരുനാഗപ്പള്ളി പാലമൂട് ജംഗ്ഷനിൽ ചിറയിൽ വീട്ടിലാണ് താമസം.