ഓച്ചിറ : അഴീക്കൽ ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും എന്നും ആശങ്കയിലാണ്. കടലിൽ പോയി തിരികെ എത്തും വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് അഴീക്കലിലെ ഓരോ മത്സ്യത്തൊഴിലാളിയുടെയും കുടുംബം. സമീപകാലത്തുണ്ടായ അപകടങ്ങൾ ഇവരുടെ ഭീതി വർദ്ധിപ്പിക്കുകയാണ്. ഒരു തൊഴിലാളിയ്ക്ക് കടലിൽ വെച്ച് അപകടം സംഭവിച്ചാൽ സമയത്ത് അവരെ കരയിൽ എത്തിക്കാൻ മറൈൻ ആംബുലൻസോ, കാര്യ ക്ഷമമായ രക്ഷാ മാർഗങ്ങളോ ഇല്ല. ഹാർട്ട് അറ്റാക്കോ മറ്റോ വന്നിട്ട് മരണം സംഭവിച്ചാൽ അവരുടെ കുടുംബത്തിന് തുടർ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരു തുക പോലും കിട്ടില്ല. കടലിൽ കാണാതായ ആളുടെ ശരീരം കണ്ടെത്തിയില്ലെങ്കിൽ ആ കുടുംബങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ധനസഹായം ലഭ്യമാകണമെങ്കിൽ ഏഴ് വർഷം കഴിയണം.

കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളും പരിഷ്കരിക്കാത്ത നിയമങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഷ്ക്കരമാക്കുകയാണ്.

പൊലീസ് എയിഡ് പോസ്റ്റ് വേണം

അഴീക്കൽ ഫിഷിംഗ് ഹാർബർ, ബീച്ച് പ്രദേശത്തെ സുരക്ഷാചുമതല ഓച്ചിറ പൊലീസിനും കടലിലെ സുരക്ഷാ ചുമതല നീണ്ടകര കോസ്റ്റൽ പൊലീസിനുമാണ്. അഴീക്കൽ ബീച്ചിൽ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് എത്തിച്ചേരുന്നത്. അവധി ദിവസങ്ങളിൽ ഗതാഗത തടസം വരെ ഉണ്ടാകുന്ന രീതിയുള്ള സന്ദർശക പ്രവാഹമാണിവിടെ. സാമൂഹിക വിരുദ്ധ ശല്യം സദാചാര ഗുണ്ടാ ആക്രമണവും ഉണ്ട്. ലഹരി മാഫിയ സംഘങ്ങളും സജീവമാണ്. പുലിമുട്ടും ബീച്ചും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. അതിനാൽ കടലിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബീച്ച് കേന്ദ്രീകരിച്ച് ഒരു പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

ആവശ്യമാണ് കോസ്റ്റ്ഗാർഡ് യൂണിറ്റ്

നിലവിൽ കോസ്റ്റ്ഗാർഡ് യൂണിറ്റ് പ്രവർത്തിക്കുന്നത് കൊച്ചിയിലും വിഴിഞ്ഞത്തുമാണ്. അഴീക്കൽ കേന്ദ്രീകരിച്ച് കോസ്റ്റ്ഗാർഡ് യൂണിറ്റ് ഉണ്ടെങ്കിൽ കടലിൽ അപകടം ഉണ്ടായാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയും. ചെറുകപ്പലുകളും ഡ്രോണിയർ വിമാനങ്ങളും അടങ്ങിയതാണ് കോസ്റ്റ്ഗാർഡിന്റെ എയർ ആംബുലൻസ് സംവിധാനം. കോസ്റ്റ്ഗാർഡ് യൂണിറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത് രണ്ടര ഏക്കർ സ്ഥലമാണ്. മുൻ എം.പി കെ.സി. വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്ന് കോസ്റ്റ്ഗാർഡ് അധികൃതർ ആഴീക്കൽ സന്ദർശിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ അലംഭാവത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

അഴീക്കൽ ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ മന്ത്രിമാരെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയതാണ്. അഴീക്കലിൽ ഒരു പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കേണ്ടത്ത് അത്യാവശ്യമാണ്. ഇത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പഞ്ചായത്ത് കമ്മിറ്റി ഉടൻ കൈക്കൊള്ളും.

ഉല്ലാസ് ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പാട്.

അഴീക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിനായി പുറപ്പെടുന്ന ബോട്ടുകൾ കാലാവസ്ഥ വ്യതിയാനം നിമിത്തം അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. നിലവിലുള്ള സുരക്ഷാസംവിധാനങ്ങൾ രക്ഷാ പ്രവർത്തനത്തിന് അപര്യാപ്തമാണ്. എത്രയും പെട്ടെന്ന് കോസ്റ്റൽ പൊലീസിന്റെ സേവനങ്ങൾ ഇവിടെ ലഭ്യമാക്കണം.

ബി. കൃഷ്ണദാസ്, ശ്രായിക്കാട്, മത്സ്യബന്ധനത്തൊഴിലാളി.