v

കോസ്റ്റ് ഗാർഡ് സ്റ്റേഷനും പൊലീസ് എയ്ഡ് പോസ്റ്റും ഇനിയുമകലെ

കൊല്ലം: കൊല്ലം അഴീക്കലിൽ കോസ്റ്റ് ഗാർഡ് സ്റ്റേഷനും പൊലീസ് എയ്ഡ് പോസ്റ്റും വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. അപകടങ്ങൾ വർദ്ധിച്ചിട്ടും ഈ നിഷേധ നിലപാടിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

അടുത്തകാലത്തായി ഇവിടെ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്നതും രക്ഷാപ്രവർത്തനം വൈകുന്നതും വർദ്ധിച്ചതോടെ ആവശ്യത്തിന് ശക്തിയേറി. കഴിഞ്ഞ ദിവസം രാഹുൽ എന്ന മത്സ്യത്തൊഴിലാളിയെ വള്ളത്തിൽ നിന്നുവീണു കടലിൽ കാണാതായിരുന്നു. ഇതുവരെയും കണ്ടെത്താനായില്ല. കഴിഞ്ഞ സെപ്തംബർ 3നു അഴീക്കൽ പൊഴിയിൽ വള്ളം മറിഞ്ഞു നാലുപേരാണ് മരിച്ചത്. തീരത്തു നിന്ന് 2 കിലോമീറ്റർ അകലെയായിരുന്നു അപകടം. ഒരു അത്യാഹിതം സംഭവിച്ചാൽ പലപ്പോഴും മത്സ്യത്തൊഴിലാളികളും നാട്ടുകാരും തീരദേശ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അഴീക്കലിൽ ഒരു സംഭവം നടന്നാൽ 9 കിലോമീറ്റർ അകലെയുള്ള ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തണം. വലിയഴീക്കലിലെ സുരക്ഷാ ചുമതല 14 കിലോമീറ്റർ അകലെയുള്ള തൃക്കുന്നപ്പുഴ പൊലീസിനാണ്.

നീണ്ടകരയിലാണ് തീരദേശ പോലീസ് സ്റ്റേഷനുള്ളത്. കൊല്ലത്തിനും കായംകുളത്തിനും മദ്ധ്യേ പലപ്പോഴും കടൽ പ്രക്ഷുബ്ദ്ധമാണ്. കടൽ ദുരന്തങ്ങൾ വർദ്ധിക്കാൻ ഇതും കാരണമാവുന്നുണ്ട്. 2017ൽ കെ.സി. വേണുഗോപാൽ എം.പി ആയിരിക്കുമ്പോൾ അഴീക്കലിൽ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. രണ്ടര ഏക്കർ സ്ഥലമാണ് കണ്ടത്തേണ്ടിയിരുന്നത്. ഗ്രാമ പഞ്ചായത്തോ, സംസ്ഥാന സർക്കാരോ ആണ് ഭൂമി നൽകേണ്ടത്. തുടർ നടപടി ഇല്ലാതായപ്പോൾ പ്രഖ്യാപനവും വെറുതെയായി. കൊച്ചിക്കും വിഴിഞ്ഞത്തിനും മദ്ധ്യേ കോസ്റ്റ് ഗാർഡ് സ്റ്റേഷന് ഏറ്റവും അനുയോജ്യമായ സ്ഥലം അഴീക്കലാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടും ഉണ്ടായിരുന്നു. രുദ്രംതുരുത്ത്, ടി.എം ചിറ, ഇടതുരുത്ത് എന്നിങ്ങനെ സ്റ്റേഷൻ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ നിരവധിയുണ്ട്.

 അടുത്തമാസം പാലം തുറക്കും

അഴീക്കൽ, വലിയഴീക്കൽ പാലം ഡിസംബറിൽ തുറക്കും. ആലപ്പുഴ, കൊല്ലം ജില്ലകൾ ബന്ധിപ്പിച്ച് ആർച്ച് പാലം വരുന്നതോടെ ടൂറിസം സാദ്ധ്യതകളും വർദ്ധിക്കും. ആയിരംതെങ്ങ് കണ്ടൽകാട്, കായംകുളം പൊഴി, അഴീക്കൽ ബീച്ച്, സുനാമി സ്മൃതി മണ്ഡപം, ഇടതുരുത്തിലെ കോൺക്രീറ്റ് തൂക്കുപാലം തുടങ്ങിയവ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. സന്ദർശകരുടെ എണ്ണം കൂടുന്നതോടെ മറ്റു പ്രശ്നങ്ങളും ഉണ്ടായേക്കാം. കോസ്റ്റൽ ഗാർഡ് സ്റ്റേഷൻ വന്നാൽ കായംകുളം എൻ.ടി.പി.സി മുതൽ ചവറ കെ.എം.എം.എൽ, അമൃതിപുരി മഠം, ഐ.ആർ.ഇ തുടങ്ങിയ മേഖലകളെല്ലാം കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാവും..

................................

കോസ്റ്റ് ഗാർഡ് സ്റ്റേഷനും പൊലീസ് ഔട്ട് പോസ്റ്റും അടിയന്തരാവശ്യമാണ്. രക്ഷാപ്രവർത്തനം വെെകുന്നത് പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാകും

യു. ഉല്ലാസ്, പ്രസിഡന്റ്, അഴീക്കൽ ഗ്രാമപഞ്ചായത്ത്