v
ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ

ശാസ്താംകോട്ട: കിണറ്റിൽ വീണു ഗുരുതര പരിക്കേറ്റ വൃദ്ധയുടെ മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മർദ്ദിച്ചു. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ ഓഫീസർ ഗണേശിനെ മർദ്ദിച്ചത്. അതേസമയം, ഡോക്ടർ തന്നെ മർദ്ദിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോപിച്ചു. ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്രീകുമാർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ശൂരനാട് വടക്ക് സ്വദേശിയായ സരസമ്മയുടെ (85) മരണം അവരെ കൊണ്ടുവന്ന വാഹനത്തിലെത്തി ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. എന്നാൽ, അസ്വാഭാവിക മരണമായതിനാൽ ആശുപത്രിക്കുള്ളിൽ എത്തിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതോടെയാണ് തർക്കമുണ്ടായത്. പഞ്ചായത്ത് പ്രസിഡ‌ന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. എന്നാൽ

യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടർ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഡോക്ടർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാർ കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി.

ഒ.പി ബഹിഷ്കരിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ശാസ്താംകോട്ട ടൗണിലേക്ക് പ്രകടനം നടത്തി. ചികിത്സയ്ക്കു ശേഷം ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുമെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ പറഞ്ഞു.