കൊല്ലം : പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം പൊലീസിന്റെ പിടിയിലായി. പനയം ചെമ്മക്കാട് ചാമവിള കോളനിയിൽ ഗീതാഞ്ജലി ഭവനത്തിൽ കണ്ണൻ എന്നു വിളിക്കുന്ന കിരൺ പ്രസാദാണ് (19) പിടിയിലായത്. ഏതാനും ദിവസങ്ങളായി ഇയാൾ സ്‌കൂൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തി വരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിജനമായ സ്ഥലത്ത് നിറുത്തിയിട്ടിരുന്ന കാറിൽ ബലമായി പിടിച്ചുകയറ്റിയാണ് മാനഭംഗപ്പെടുത്തിയത്. ഭയന്ന പെൺകുട്ടി വീട്ടിലെത്തി നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുടുംബത്തോടെ സ്റ്റേഷനിലെത്തി പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. ഇയാളെ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ബി. ശ്യാം, എ. റഹീം, ഷബ്‌ന, എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് കിരണിനെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.