കൊല്ലം: ദേശീയപാത 744ൽ തെന്മല മുതൽ കടമ്പാട്ടുകോണം വരെ ആരാധനാലയങ്ങളും സ്കൂളുകളും വീടുകളും ഒഴിവാക്കി അലൈൻമെന്റ് പുനക്രമീകരിക്കുമെന്ന് നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ദേശീയപാത അതോറിട്ടി നിർദ്ദേശിച്ചിരുന്ന അലൈൻമെന്റ് സംബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നു ലഭിച്ച പരാതികളെ കുറിച്ച് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. കുരിയോട് ഭദ്രകാളിക്ഷേത്രം, പത്തടി മസ്ജിദ്, ആനപുഴയ്ക്കൽ മസ്ജിദ്, വീടുകൾ കൂടുതലുള്ള പ്രദേശങ്ങൾ എന്നിവയെ ബാധിക്കാത്ത വിധം അലൈൻമെന്റ് പുനക്രമീകരിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ അലൈൻമെന്റിന് അന്തിമരൂപം നൽകി റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ എം.പിയെ അറിയിച്ചു.