water
പിറവന്തൂർ ഭാഗത്ത് വീടുകളിലെ മുറ്റങ്ങളിലും വ്യാപാര സ്ഥപനങ്ങൾക്ക് മുൻ വശത്തും വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതിയിൽ

പത്തനാപുരം : പുനലൂർ, മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ അശാസ്ത്രീയ ഓട നിർമ്മാണം ജനങ്ങൾക്ക് ഭീഷണിയാകുന്നു. മഴവെള്ളം വീട്ടുമുറ്റങ്ങളിലേക്ക് കയറി വീടുകൾക്ക് നാശമുണ്ടാകുന്നു. ഒപ്പം കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നു. പിറവന്തൂർ കുട്ടിത്തോപ്പിൽ ചന്ദ്രബാബു , സഹോദരൻ ജയൻ എന്നിവരുടെ വീടുകൾക്ക് നാശം സംഭവിച്ചുകഴിഞ്ഞു. പത്തനാപുരം, പിറവന്തൂർ ഭാഗങ്ങളിലും മഴ പെയ്താൽ മിക്ക വീടുകളിലെയും വ്യാപര സ്ഥാപനങ്ങളിലെയും മുറ്റങ്ങളിൽ വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതിയാണ്. ചില വീടുകളിലും സ്ഥാപനങ്ങളിലും അകത്തേക്ക് കയറാനാകാത്ത വിധം മണ്ണിട്ട് മൂടി, കുഴിയെടുത്തതുമായ അവസ്ഥയിലാണ്.

പരിഹാരം വേണം

ദിവസങ്ങളോളം വെള്ളം കെട്ടി നിന്ന് കൊതുകും കൂത്താടിയും വളരുന്ന സ്ഥിതിയാണ് . വെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടുന്ന സൗകര്യമൊരുക്കാത്തതാണ് പ്രധാന പ്രശ്നം. ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും അർഹരായവർക്ക് നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വെളളം ഒഴുകി പോകുന്നതിന് സൗകര്യം ഒരുക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഓട നിർമ്മിക്കണം. ഭൂമിയും വീടും കിണറും നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം നല്കണം. (. ചേത്തടി ശശി, പൊതുപ്രവർത്തകൻ)

ശരിയായ പ്ലാനിൽ ഓട നിർമ്മിച്ചാൽ വ്യാപാരികളുടെയും വീട്ടുകാരുടെയുംബുദ്ധിമുട്ട് ഒഴിവാക്കാം. കുടിവെള്ളം പോലും നശിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.
പിറവന്തൂർ ഗോപാലകൃഷ്ണൻ. (എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം)