കൊട്ടാരക്കര: ടൗൺ പരിധിയിലുള്ള യാത്രാ ദുരിതത്തിന് പരിഹാരമായി ടൗൺ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഗതാഗത തിരക്കിൽ നട്ടം തിരിയുന്ന കൊട്ടാരക്കര ടൗണിനെ ഗതാഗത കുരുക്കിൽ നിന്ന് രക്ഷിക്കാനും ടൗൺ സർവീസിന് കഴിയും. നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിൽ നിന്ന് കുന്നിക്കോട് ജംഗ്ഷൻ
വരെയും കലയപുരം ജംഗ്ഷനിൽ നിന്ന് പനവേലി വരെയും ഹ്രസ്വദൂര സർവീസുകൾ ആരംഭിച്ചാൽ ടൗണിലെ യാത്രാ ക്ളേശത്തിന് പരിഹാരമാകും. മാത്രമല്ല തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസം സൃഷ്
ടിച്ച് സമാന്തര സർവീസുകൾ നടത്തുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കാനും സാധിക്കും. സമാന്തര സവീസ് നടന്ന ഓട്ടോ റിക്ഷകളെ നിയന്ത്രിക്കുന്നതിന് ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസും ഹോം ഗാർഡും നില കൊണ്ടിട്ടും ഓട്ടോ റിക്ഷകളുടെ സമാന്തര സർവീസുകളെ പൂർണമായും നിയന്ത്രിക്കാനായിട്ടില്ല.
യാത്രക്കാർ ദുരിതത്തിൽ
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കൊല്ലത്തേക്കോ, അടൂർ, പുനലൂർ ആയൂർ ഭാഗത്തേക്കോ ബസ് പിടിച്ചു കഴിഞ്ഞാൽ സമീപ പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രാക്കാർ ഉടൻതന്നെ ബസിൽ തിക്കിത്തിരക്കും .അതോടെ ദീർഘദൂരയാത്രക്കാർ പുറത്താകും. കൊല്ലം പുനലൂർ, അടൂർ ആയൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കരക്ക് വരുന്ന ബസുകളിൽ എഴുകോൺ , നെടുവത്തൂർ കിഴക്കേത്തെരുവ്, മൈലം, കരിക്കം ഭാഗങ്ങളിലുള്ള യാത്രാക്കാർക്ക് കയറിപ്പറ്റാൻ കഴിയാത്തത് മൂലം പലപ്പോഴും മണിക്കൂറുകളോളം റോഡിൽ കാത്ത് നിൽക്കേണ്ടിയും വരും. ഇതിനു പരിഹാരമായി ഹ്രസ്വദൂര ടൗൺ സർവീസുകൾ ആരംഭിച്ചാൽ യാത്രക്കാർക്ക് അനുഗ്രഹമായിരിക്കും. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രണ്ടു ഓർഡിനറി ബസുകളും രണ്ടു സ്വകാര്യ ബസുകളും ആദ്യഘട്ടമായി ടൗൺ സർവീസായി അനുവദിച്ചാൽ ടൗൺ പരിധിയിലുള്ള യാത്രാ ക്ളേശത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.