അഞ്ചൽ: മാനസികാസ്വാസ്ഥ്യമുള്ള ചിത്രകലാ അദ്ധ്യാപികയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരാഴ്ച മുമ്പാണ് അഗസ്ത്യക്കോട് വലിയവിളവീട്ടിൽ ഉഷ (50) യെ കാണാതായത്. ഇത് സംബന്ധിച്ച് ഭർത്താവ് അജന്തകുമാർ അഞ്ചൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ഇവരെ കുറിച്ച് യാതൊരു തുമ്പും കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. അഞ്ചൽ, പുനലൂർ എസ്.എൻ.ട്രസ്റ്റിന്റെ കീഴിലുള്ള കായംകുളത്തെ സ്കൂളുകളിൽ ഇവർ നേരത്തെ ജോലി നോക്കിയിരുന്നു. പിന്നീട് രാജീവച്ച് ഗൾഫിൽ പോയ ഇവർ ഖത്തറിലെ ഒരു സ്കൂളിലും ഏതാനും വർഷം അദ്ധ്യാപികയായി പ്രവർത്തിച്ചു. അടുത്തിലെ നാട്ടിൽ എത്തിയ ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. വീട്ടിൽ നിന്ന് ഒരാഴ്ചമുമ്പ് വൈകിട്ട് ഇറങ്ങിപോയ ഇവർ പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഇതേ തുടർന്നാണ് അഞ്ചൽ പൊലീസിന് പരാതി നൽകിയത്. എന്നാൽ പൊലീസ് പ്രശ്നത്തൽ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി.