കൊട്ടാരക്കര: കൊട്ടാരക്കരയിൽ അടിയന്തരമായി പൊതു ശ്മശാനം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നു. മറ്റു പല സൗകര്യങ്ങളുമുണ്ടെങ്കിലും പൊതുശ്മശാനം ഇല്ലാത്തത് സധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. മൂന്നും നാലും സെന്റ് ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളിൽ ഒരംഗത്തിന് മരണം സംഭവിച്ചാൽ സംസ്കാരം നടത്താൻ കഴിയാതെ വരുന്നു. അനേകം പേർ ഇപ്പോൾ ബന്ധുക്കളുടെ മൃതശരീരം കൊല്ലത്ത് പോളയത്തോട് പൊതുശ്മശാനത്തിലാണ് കൊണ്ടുപോകുന്നത്.
കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ വർഷങ്ങൾക്കു മുൻപ്
പൊതുശ്മശാനം സ്ഥാപിച്ചെങ്കിലും പിന്നീട് ആ ശ്മശാനത്തിൽ മാലിന്യ പ്ളാന്റു കൂടി സ്ഥാപിച്ചതോടെ പൊതുശ്മശാനം തന്നെ ഇല്ലാതായി. നഗരസഭ പരിധിയിൽ എത്രയും വേഗം ഇലക്ട്രിക്ക് ശ്മശാനം സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊട്ടാരക്കര നഗരസഭയോ ബ്ളോക്ക് ജില്ലാ പഞ്ചായത്തുകളോ മുൻകൈ എടുത്ത് കൊട്ടാരക്കരയിലെ നിർദ്ധനരായ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണം.