കൊല്ലം: വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവചനത്തിന് മുമ്പുള്ളതിനേക്കാൾ പ്രാമുഖ്യമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തൃക്കരുവ ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്‌കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക സമുദായങ്ങൾക്ക് സംസ്‌കൃത വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുദേവൻ നടത്തിയ പോരാട്ടങ്ങളുടെ ബാക്കിപത്രങ്ങളിൽ ഒന്നാണ് കാവിള ശ്രീ നാരായണ വിലാസം സംസ്‌കൃത ഹൈസ്കൂളെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ കാവിള എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ആമുഖപ്രസംഗം നടത്തി. മുൻ സ്‌കൂൾ മാനേജർമാരുടെ ചിത്രങ്ങളുടെ അനാച്ഛാദനം, നവീകരിച്ച കവാടം, പ്രാർത്ഥനാ മന്ദിരം, നവീകരിച്ച കെട്ടിടം, പ്ലാറ്റ്‌ഫോം എന്നിവയുടെ സമർപ്പണം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നിർവഹിച്ചു. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ് ചെയർമാൻ പ്രൊഫ. കെ. ശശികുമാർ സ്‌കൂളിന്റെ നൂറാം വാർഷിക സ്മരണിക പ്രകാശനം ചെയ്തു. ചാനൽ അവതാരകൻ ഡോ. അരുൺകുമാർ, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം ബീന രാമചന്ദ്രൻ, സംസ്കൃത അദ്ധ്യാപിക കെ. ലേഖ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രഥമാദ്ധ്യാപിക എം.കെ. അനിത സ്വാഗതവും സ്‌കൂൾ ഐ.ടി കോ ഓർഡിനേറ്റർ എസ്.ഡി. ഷീബ നന്ദിയും പറഞ്ഞു.