കുണ്ടറ: മലയാളികൾ കാർഷികവൃത്തിയിൽ നിന്നകന്നതാണ് ഇന്നുകാണുന്ന സാമൂഹ്യ അപചയങ്ങൾക്ക് കാരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആലുംമൂട് ഏലായിൽ ഞാറ്റടി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപ് വിദ്യാർത്ഥികൾക്കടക്കം കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യേണ്ടിവന്നിരുന്നു. കൃഷിയുടെ സംസ്‌കാരം തിരിച്ചെത്തിക്കേണ്ടത് വിഷരഹിതമായ ഭക്ഷണം ലഭിക്കുന്നതിനോടൊപ്പം സാസ്‌കാരിക ഉന്നതിക്കും അവശ്യമായ ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇളമ്പള്ളൂർ ബ്രാന്റ് നാടൻ കുത്തരി വിപണിയിലിറക്കുകയെന്ന ലക്ഷ്യത്തോടെ 25 ഏക്കർ പാടത്താണ് ആദ്യഘട്ടമായി നെൽക്കൃഷി നടത്തുന്നത്. ഇളമ്പള്ളൂർ സമ്പൂർണ ആത്മ ഗ്രൂപ്പ്, ആലുംമൂട് നവജ്യോതി കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിറയിൽ ഏലാ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. പ്രസന്നകുമാർ ഞാറ് ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ടി.സി. വിജയൻ, ബി. വിജയകുമാർ, റജി കല്ലംവിള, ജലജ ഗോപൻ, സി. ശ്രീജ, കുരീപ്പള്ളി സലീം, കെ. മിനി, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.