നെടുമ്പാശേരി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശി സുധീർകമാലാണ് (31) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.

ഇന്നലെ പുലർച്ചെ ദുബായിലേക്കുള്ള വിമാനത്തിൽ പോകാനാണ് ഇയാൾ എത്തിയത്. എന്നാൽ എമിഗ്രേഷൻ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിൽ പ്രതിയായ ഇയാൾ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.