പാരിപ്പള്ളി: കഴിഞ്ഞ ബുധനാഴ്ച കൂടിയ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. കഴിഞ്ഞ മെയ് പത്തിന് കൂടിയ കമ്മിറ്റിയുടെ മിനിറ്റ്സ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇരുമുന്നണികളും യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. അതേസമയം മേയിൽ കൂടിയ കമ്മിറ്റിയിൽ അജൻഡ ഒന്നിൽ ആറാമത്തെ തീരുമാനം ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ച് മിനിറ്റ്സ് ഒപ്പിട്ട് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സുദീപ അറിയിച്ചു. കൊവിഡ് സഹായ കേന്ദ്രത്തിൽ അഞ്ച് പേരെ നിയമിച്ചത് രേഖകളിൽ പത്തായി മാറിയത് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ആറാമത്തെ തീരുമാനം ഒപ്പിടാത്തതെന്നും ഭരണം നഷ്ടപ്പെട്ടാലും അഴിമതിക്ക് കൂട്ട് നിൽക്കില്ലെന്നും അവർ പറഞ്ഞു. നിയമന അഴിമതി സംബന്ധിച്ച് ഡി.ഡി.പി, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് പഞ്ചായത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരുകയാണ്. ഭരണ പ്രതിസന്ധി ഉണ്ടെന്ന് വരുത്താൻ ഇരുമുന്നണികളും മൂന്നാമത്തെ കമ്മിറ്റിയാണ് തടസപ്പെടുത്തുന്നതെന്നും ഗുണഭോക്തൃലിസ്റ്റ് പോലും അംഗീകരിക്കാൻ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.