a
ഇരുമ്പനങ്ങാട് കുളവരമ്പ് (കോവളം) ഏലാ നടപാതയുടെ കൽക്കട്ട് ഇടിഞ്ഞ് വീണ നിലയിൽ

എഴുകോൺ: തകർന്ന് കിടക്കുന്ന ഇരുമ്പനങ്ങാട് കുളവരമ്പ് (കോവളം) ഏലാ നടപാത പുനർ നിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുമ്പനങ്ങാട് ജംഗ്ഷനിൽ നിന്ന് വേളികാട് ഭാഗത്തേക്കുള്ള കുറുക്ക് വഴിയാണ് കുളവരമ്പ് ഏലാ നടപാത. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തിന് മുൻപ് കുട്ടികൾ സ്കൂളിൽ വന്ന് പോകുന്നതിനും വേളികാട് നിവാസികൾ ഇരുമ്പനങ്ങാട് ജംഗ്ഷനിൽ വാരാനും ആശ്രയിച്ചിരുന്ന വഴിയാണ് പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്നത്. ഏലയിൽ നിന്ന് റോഡിലേക്കുള്ള കൽകെട്ട് പൊളിഞ്ഞ് തോട്ടിൽ വീണതിനെ തുടർന്ന് ഒഴുക്ക് നിലച്ച സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഏലായിൽ വെള്ളം കയറി. മഴ ഇനിയും കനത്താൽ സമീപത്തെ വീടുകളിലും വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ. പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൽകെട്ട് പൂർണമായും തകർന്ന് സ്ഥിതി രൂക്ഷമാവുന്നതിന് മുൻപ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.