കരുനാഗപ്പള്ളി: ആലപ്പാട്ട് കടലാക്രമണം രൂക്ഷം . ശക്തമായ കാറ്റിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറി നിരവധി വീടുകളിൽ വെള്ളം കയറി. തോരാതെ പെയ്യുന്ന പേമാരിയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഒരു വീട് പൂർണമായും 7 വീടുകൾ ഭാഗീകമായും തകർന്നു. പാവുമ്പ മുല്ലിൽ കിഴക്കതിൽ സുധീഷിന്റെ വീടാണ് പൂർണമായും തകർന്നത്. തേവലക്കര ചേരിക്കടവ്, വാഴുവിളവീട്ടിൽ ചെറുപുഷ്പം, തൊടിയൂർ പുന്നമൂട്ടിൽ കിഴക്കതിൽ പ്രകാശ്, കുലശേഖരപുരം കണ്ണമ്പള്ളി തെക്കതിൽ ഖദീജ, പാവുമ്പ ദെജിത്ത് ഭവനത്തിൽ ദേവരാദൻ, പാവുമ്പ ചക്കിട്ടതിൽ സുരേന്ദ്രൻ, പാവുമ്പ തോട്ടടുത്ത് ശ്രീവിലാസത്തിൽ പരമേശ്വരൻപിള്ള, പാപുമ്പ വെള്ളശ്ശേരിൽ മോഹനൻപിള്ള എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകർന്നത്. ഉദ്ദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണാക്കുന്നു. പാവുമ്പ വില്ലേജിൽ മറുതാകുറ്റി മുതൽ തൊടിയൂർ പാലം വരെയുള്ള ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. കരുനാഗപ്പള്ളിയുടെ തീരങ്ങൾ പൂർണമായും വെള്ളക്കെട്ടിലാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.
ശക്തമായ മഴയിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു. വാഴ, മരച്ചീനി, ചേമ്പ്, കാച്ചിൽ ചേന, പച്ചക്കറി തുടങ്ങി എല്ലാ കൃഷികളും നശിച്ചു. ആലപ്പാട് കടൽ തീരത്തുള്ള നിരവധി വീടുകൾ കടലാക്രണ ഭീഷണിയിലാണ്. പണ്ടാരതുരുത്ത് കൊച്ചോച്ചിറയിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡിന്റെ പ്രോജക്ട് ഓഫീസും റേഷൻ കടയും കടലാക്രണം നേരിടുകയാണ്. ഇവിടെ പുലിമുട്ട് നിർമ്മിച്ച് തീരം ശക്തപ്പെടുത്തിയില്ലെങ്കിൽ പണിക്കർകടവ് പാലം അപകടത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു. പള്ളിക്കലാറും ടി.എസ്.കനാലും തഴത്തോടുകളും കരകവിഞ്ഞ് ഒഴുകി തുടങ്ങിയതോടെ തീരങ്ങളിൽ താമസിക്കുന്നവർ സുരിക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ശക്തമായ മഴയെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ച് തുടങ്ങി. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി റവന്യൂ അധികൃതർ അറിയിച്ചു. മഴ ശക്തമായി തുടരുമ്പോഴും താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.