കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ മണ്ണിടിച്ചിൽ, ഗതാഗതം നിലച്ചു , വൈദ്യുതി ബന്ധം താറുമാറായി
പുനലൂർ: രണ്ട് ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് പുനലൂർ താലൂക്കിൽ 16 വീടുകൾ തകർന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ വ്യാപക നാശം. ആര്യങ്കാവ് വില്ലേജിലെ ചന്ദ്രൻ, ശരണ്യശശി, സുരേഷ്, തെന്മല വില്ലേജിൽ കുഞ്ഞമ്മ, അമൃത, ഇടമൺ വില്ലേജിൽ സതീശൻ, ഏരൂരിൽ ഓമന, ഗോപാലകൃഷ്ണൻ, രമേശൻ, ഏലിയാമ്മ, അറയ്ക്കൽ വില്ലേജിൽ മേഴ്സിബാബു, കരവാളൂരിൽ രതീഷ്കുമാർ, ചണ്ണപ്പേട്ട വില്ലേജിൽ മോഹനൻ, ദേവകി, ജോൺസൻ സെബാസ്റ്റ്യൻ, രാധ തുടങ്ങിയ നിരവധി താമസക്കാരുടെ വീടുകളാണ് കനത്ത മഴയിൽ നശിച്ചത്. 5.75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതർ അറിയിച്ചു. ഇതിന് പുറമെ 30ഓളം വീടുകളിൽ വെള്ളം കയറി വ്യാപകനാശം സംഭവിച്ചു.
ആര്യങ്കാവ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. വെഞ്ച്വർ എസ്റ്റേറ്റ് മേഖലയിൽ നിരവധി വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇടപ്പാളയത്ത് 12ഓളം വീടുകളിൽ വെള്ളം കയറി. ഇത് കൂടാതെ കൊല്ലം -തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപം കട്ടിംഗ് ഇടിഞ്ഞ് വീണ് ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. സമീപത്തെ മുരുകൻ പാഞ്ചാലിയിലും ഇടപ്പാളയത്തും ഇലക്ട്രിക് പോസ്റ്റും തകർത്തു കൊണ്ട് പാതയോരം ഇടിഞ്ഞു കഴുതുരുട്ടി ആറ്റിൽ വീണു. കല്ലട,കഴുതുരുട്ടി,ചാലിയക്കര, കുളത്തൂപ്പുഴ, ശെന്തുരുണി, വന്മള തുടങ്ങിയ നിരവധി ആറുകൾ നിറഞ്ഞൊഴുകി. മഴ ശക്തമായതോടെ ചാലിയക്കര, ഓലപ്പാറ,ചെറുകടവ് ,കറവൂർ തുടങ്ങിയ റോഡുകളിൽ വെള്ളം കയറി.