road
ആയൂർ പെരുങ്ങള്ളൂരിന് സമീപം റോഡ് ഇടിഞ്ഞു താണ നിലയിൽ

അഞ്ചൽ: തുടർച്ചയായ മഴയെ തുടർന്ന് അഞ്ചൽ- ആയൂർ റോഡിൽ പെരുങ്ങള്ളൂർ ഭാഗത്തെ റോഡ് പൂർണമായും തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അഞ്ചൽ - അഗസ്ത്യക്കോട് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡാണ് തുടർച്ചയായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം തകർന്നത്. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഈ റോഡിൽ മിക്കയിടങ്ങളിലും കുഴികൾ എടുത്തിട്ടിരിക്കുകയാണ്. റോഡ് തകർന്നതോടെ അഞ്ചൽ-പുനലൂർ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവർക്ക് പത്തനംതിട്ട, പുനലൂർ, കുളത്തൂപ്പുഴ ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴികൂടിയാണിത്. റോഡ് തകർന്നതും പെട്ടെന്ന് ഗതാഗതം നിരോധിച്ചതും ജനങ്ങളെ ശരിക്കും വലച്ചിരിക്കുകയാണ്. അഞ്ചൽ ഭാഗത്തേയ്ക്ക് വരണ്ട വാഹനങ്ങൾ മിക്കതും സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. ഇതുമൂലം വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ആശുപത്രിൽ പോകേണ്ടവരും ഉൾപ്പടെയുള്ള അത്യാവശ്യക്കാരും ശരിക്കും ബുദ്ധിമുട്ടിലായി. റോഡ് നിർമ്മാണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

റോഡ് നിർമ്മാണത്തിൽ കരാറുകാരുടെ അലംഭാവം മൂലമുണ്ടാകുന്ന കാലതാമാസം ജനജീവിതത്തെ ദുസഹമാക്കുകയാണ്. ഗുണനിലവാരമില്ലാത്തതും അശാസ്ത്രീയവുമായ റോഡ് നിർമ്മാണം ചൂണ്ടിക്കാണിച്ചിട്ടും കരാറുകാരെ സഹായിക്കുന്ന നിലപാടാണ് അധികൃതർ കൈക്കൊള്ളുന്നത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെക്കാനും റീടെൻഡർ ചെയ്യാനും അധികാരികൾ തയ്യാറായില്ലെങ്കിൽ ബി.ജെ.പി ജനകീയ സമരങ്ങൾ സംഘടിപ്പിക്കും.

എസ്.ഉമേഷ്‌ ബാബു (മണ്ഡലം പ്രസിഡന്റ്‌ )