കൊല്ലം: തമിഴ്‌നാട്ടിൽ നിന്നു വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ കിളികൊല്ലൂർ പൊലീസ് പിടികൂടി. നെടുമ്പന മുട്ടയ്ക്കാവ് സജു മൻസിലിൽ സജീവാണ് (44) പിടിയിലായത്. പച്ചക്കറി ലോറികളിൽ പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്ന് ഉയർന്ന വിലയ്ക്ക് ചെറുകിട വ്യാപാരികൾക്ക് കൈമാറുന്നതുമായിരുന്നു രീതി. കഴിഞ്ഞ ദിവസം ലോറിയിൽ എത്തിച്ച പുകയില ഉത്പന്നങ്ങൾ തലച്ചുമടായി കുണ്ടുമൺ പാലം വഴി കൊണ്ടുവരുന്നതിനിടെയാണ് കുടുങ്ങിയത്. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാർ, സബ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ള, എ.എസ്.ഐമാരായ മെൽവിൻ, ബിജു, സി.പി.ഒമാരായ നജീബ്, ചന്തു, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.