ശാസ്താംകോട്ട : കനത്തമഴയിൽ കുന്നത്തൂർ താലൂക്കിൽ 5 വീടുകൾ ഭാഗികമായി തകർന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് കണ്ടത്തിൽ തറയിൽ കൃഷ്ണൻകുട്ടി , പോരുവഴി നടുവിലേമുറി ആരതി ഭവനത്തിൽ രാജേഷ്, വടക്കൻ മൈനാഗപ്പള്ളി തറയിൽ തെക്കതിൽ സുനിൽ കുമാർ, പടി. കല്ലട വലിയ പാടം ചക്കുളം കോളനിയിൽ രാധ, വലിയ പാടം നടുവിൽ പടിഞ്ഞാറ്റതിൽ സുരേഷ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ശൂരനാട് വടക്ക്, തെക്ക്, പടി. കല്ലട, കുന്നത്തൂർ, പോരുവഴി, മൈനാഗപ്പള്ളി, തുടങ്ങിയ പഞ്ചായത്തുകളിലെ കൃഷി വെള്ളത്തിനടിയിലായി. പള്ളിക്കലാർ കരകവിഞ്ഞൊഴുകുന്നത് ശൂരനാട് വടക്ക് മേഖലയിൽ ആശങ്ക പരത്തുന്നുണ്ട്. പടി. കല്ലട നെൽപ്പുര കുന്ന് ബണ്ടിൽ വിള്ളൽ വീണതും ആശങ്ക പരത്തുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം കളക്ടർ നിരോധിച്ചിട്ടുണ്ട്. നാല് വർഷങ്ങൾക്ക് മുമ്പ് നെൽപ്പരക്കുന്നിൽ ബണ്ട് തകർന്നിരുന്നു.