പുനലൂർ: കനത്ത മഴയെ തുടർന്ന് പുനലൂർ താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിക്കാനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ,റവന്യൂ,പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ പി.എസ്.സുപാൽ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രളയക്കെടുതികൾ വിലയിരുത്താൻ പുനലൂർ താലൂക്ക് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് എം.എൽ.എ നിർദ്ദേശം നൽകിയത്.
മഴക്കെടുതിയെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കാൻ ആവശ്യമായ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ ഉടൻ നടപടി സ്വീകരിക്കണം. പാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങൾ അടിയന്തരമായി മുറിച്ച് നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. താലൂക്കിൽ സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ കണ്ടെത്തി മുൻ കരുതൽ സ്വീകരിക്കണം. ഗതാഗത തടസങ്ങൾ ഉണ്ടായാൽ ഉടൻ പരിഹരിക്കണം.തെന്മല പരപ്പാർ അണക്കെട്ടിലെ ജല സംഭരണത്തിൽ ആശങ്കക്ക് വകയില്ലെന്ന് കല്ലട ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.എൽ.എയെ അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ദിനേശൻ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, തഹസീൽദാർ കെ.എസ്.നസിയ,ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.