വെള്ളക്കെട്ടായി റോഡുകൾ
കൊല്ലം: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. ചാത്തന്നൂർ, ചിറക്കര, കുരീപ്പുഴ, തൃക്കടവൂർ ആണിക്കുളത്ത് ചിറ, പാവൂർവയൽ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുകളുണ്ടായി. ചിറക്കരയിൽ വിവിധ പാടശേഖരങ്ങളിലെ നെല്ല്, ഏത്തവാഴ, ഉൾപ്പെടെ ഇടവിള കൃഷികളും വ്യാപകമായി നശിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒട്ടു മിക്ക റോഡുകളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചിറക്കര , ചിറക്കരത്താഴം, കുളത്തൂർകോണം, ഉളിയനാട് ഏലാകളിൽ വൻ കൃഷിനാശം സംഭവിച്ചു. പോളച്ചിറ പുഞ്ച പടശേഖരത്തോട് ചേർന്ന് കിടക്കുന്ന കുഴുപ്പിൽ ഏലായും വെള്ളത്തിനടിയിലായി.
പടുതാ കുളങ്ങളിലും മറ്റും നടത്തിയിരുന്ന മത്സ്യക്കൃഷിയിലും വ്യാപക നാശനഷ്ടമുണ്ടായി. മത്സ്യങ്ങളൊക്കെ ഒഴുകിപ്പോയതായി കർഷകർ പറയുന്നു. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചാത്തന്നൂർ പോളച്ചിറ എ.എം. മൻസിലിൽ അബ്ദുള്ളയുടെ വീടിന് തൊട്ടടുത്ത പുരയിടത്തിലെ മരം വീണ് കേടുപാടുകൾ ഉണ്ടായി. ഉളിയനാട് ചെട്ടിയാം വിള കുന്നുംപുറത്ത് വിട്ടിൽ ജയകുമാരിയുടെ വീടിന്റെ മുൻവശത്തെ സംരക്ഷണഭിത്തി മഴയിൽ ഇടിഞ്ഞുവീണു, വീട് അപകട ഭീഷണിയിലായി. ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സുജയ്‌കുമാർ, സജില എന്നിവർ സ്ഥലം സന്ദർശിച്ചു. പോളച്ചിറ ബണ്ട് ക്രോസ് റോഡ് വെള്ളത്തിനടിയിലായതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് ഉൾപ്പെടെ ജലവിഭവ വകുപ്പ് കുഴിച്ച റോഡുകളെല്ലാം പൂർവ്വസ്ഥിതിയിലാക്കാത്തതിനെ തുടർന്ന് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന റോഡുകൾ തകർന്നു. മഴകൂടി കനത്തതോടെ റോഡുകളുടെ അവസ്ഥ ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ- അയത്തിൽ റോഡ്, ക്യു.എ.സി റോഡ്, ഡി.സി.സി ഓഫീസ് റോഡ് എന്നിവയും ലക്ഷ്മിനട, അമ്മച്ചിവീട്, ഇരവിപുരം, പോളച്ചിറ, പരവൂർ, മീനാട് ഭാഗങ്ങളിലെ റോഡുകളും തകർന്ന നിലയിലായി.
വീടുകൾക്ക് നാശം
ചാത്തന്നൂർ: മഴയിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പതിനൊന്നാം വാർഡിലെ കൈതക്കുഴി, പെരുമാൾകുന്ന് കോളനിഭാഗം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും മതിൽ ഇടിഞ്ഞുവിഴുകയും ചെയ്തു. പ്രദേശവാസികളിൽ ചിലരെ ആദിച്ചനല്ലൂർ സർക്കാർ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റുളവരെ ബന്ധുവീടുകളിലേക്കും മാറ്റി. ചാത്തന്നൂർ, മീനാട് തൊടിയിൽ വീട്ടിൽ ഗായത്രിയുടെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തി വെള്ളിയാഴ്ച രാത്രിയിൽ പൂർണ്ണമായും തകർന്നു, മീനാട് തൊടിയിൽ വീട്ടിൽ ബിജുലാലിന്റെ വീടിന്റെ ഭിത്തിയും തകർന്നു.