കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ 25 വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു. തോടുകൾ കരകവിഞ്ഞ് കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി. ഇടിമിന്നലേറ്റ് കടയ്‌ക്കോട് ത്രിവേണിയിൽ അനിരുദ്ധന്റെ വീട്ടിൽ വലിയ നാശമുണ്ടായി. റോഡുകളിൽ വെള്ളം നിറഞ്ഞത് ഗതാഗത തടസത്തിനും കാരണമായി. ചെപ്ര രത്‌നമംഗലത്ത് രത്‌നമ്മയുടെ വീടാണ് പൂർണമായി തകർന്നത്. വെളിനല്ലൂർ വില്ലേജിൽ നാല്, വാളകത്ത് ഒന്ന്, എഴുകോണിൽ രണ്ട്, വെട്ടിക്കവലയിൽ ഒന്ന്, കരീപ്രയിൽ മൂന്ന്, പവിത്രേശ്വരത്ത് ഒന്ന്, ചക്കുവരക്കലിൽ ഒന്ന്, മേലിലയിൽ ഒന്ന്, നിലമേലിൽ രണ്ട്, ചടയമംഗലത്ത് ഒന്ന്, നെടുവത്തൂരിൽ ഒന്ന്, ഇളമാട് ഒന്ന്, ഓടനാവട്ടത്ത് അഞ്ച്, കുമ്മിൾ രണ്ട് എന്നിങ്ങനെയാണ് വില്ലേജുകളിൽ തകർന്ന വീടുകളുടെ എണ്ണം. പ്രാഥമികമായി 67,85,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കിഴക്കൻ മേഖലയിൽ മഴ തുടരുന്നത് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർത്തുന്നു. മതിലുകളും സംരക്ഷണ ഭിത്തികളും തകരുന്നത് വീടുകളുടെയും റോഡുകളുടെയും ബലക്ഷയത്തിന് കാരണമാകുന്നു. ഭാഗീകമായി തകർന്ന വീടുകളിലുള്ളവർ ബന്ധുവീടുകളിലേക്കു മാറി. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കടയ്‌ക്കോട് ഇടിമിന്നൽ ഉണ്ടായത്. അനിരുദ്ധന്റെ വീടിന്റെ വയറിംഗ് തകർന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു. ജനാലകളും വാതിലുകളും തകർന്നു. ഭിത്തികൾ വിണ്ടു കീറി. വീട് ഭാഗികമായി തകർന്നതിനെ തുടർന്ന് കൊട്ടാരക്കര പടിഞ്ഞാറ്റിൻകരയിൽ കിടപ്പുരോഗിയായ മകനെയും അമ്മയെയും ബന്ധുവീട്ടിലേക്കു മാറ്റി.