കുണ്ടറ: കനത്ത മഴയെത്തുടർന്ന് കുണ്ടറയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി. സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് തകർന്നു. നല്ലില പുലിയില പള്ളിമുക്ക് സജി ഭവനത്തിൽ സദാശിവൻ ആചാരിയുടെ ഷീറ്റ് മേഞ്ഞ വീടാണ് ഇന്നലെ രാവിലെ നിലംപൊത്തിയത്. കുട്ടികളടക്കം ആറു പേർ ഈ സമയം വീട്ടിലുണ്ടായിരുന്നു. കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ വെളിയിൽ ഇറങ്ങിയതിനാൽ അപകടത്തിൽ നിന്ന് ഒഴിവായി. വീടിന്റെ ഒരു മുറി ഒഴികെ ബാക്കിയെല്ലാം നിലംപൊത്തി.
മഴയിൽ മണ്ണ് ഇടിഞ്ഞതു മൂലം കുണ്ടറ അലിന്റിന്റെ സംരക്ഷണഭിത്തിയും നിർമ്മാണത്തിലിരിക്കുന്ന റോഡും തകർന്നു. കച്ചേരിമുക്ക് കെല്ല് റോഡിന്റെ ഒരു വശവും അലിൻഡ് സംരക്ഷണ ഭിത്തിയുമാണ് ഏകദേശം 50 അടി താഴ്ചയിലേക്ക് തകർന്നുവീണത്. മഴ ശക്തമായാൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്. പി.സി.വിഷ്ണുനാഥ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. ബാരിക്കേഡുകളും സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് ഗതാഗത യോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുണ്ടറ പഞ്ചായത്ത് 9-ാം വാർഡിൽ അങ്കണവാടിയുൾപ്പെടുന്ന കെട്ടിടത്തിൽ വെള്ളം കയറി. സമീപത്തുള്ള ഓടയുടെ നവീകരണം നടക്കാതിരുന്നതാണ് കാരണം. മഴ ശക്തമായതോടെ മൺറോതുരുത്ത് നിവാസികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തെന്മല ഡാം തുറന്നാൽ അതും മൺറോതുരുത്തിന് ഭീഷണിയാവും.