v
മൺറോത്തുരുത്തിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ

കൊല്ലം: ശക്തമായ മഴയിൽ ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്കപരത്തുന്നു. കല്ലടയാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നതോടെ മൺറോത്തുരുത്ത്, പേഴുംതുരുത്ത് ഭാഗങ്ങളിലുള്ളവർ കടുത്ത ആശങ്കയിലാണ്. ഇവിടങ്ങളിലെ മിക്കവീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള തെന്മല ഡാമിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 100 സെ.മി വരെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. അത് 10 സെ.മി വീതം ഘട്ടംഘട്ടമായി 120 സെ.മി വരെ ഉയർത്തും. ഡാം തുറന്നതോടെ അഷ്ടമുടിക്കായലിലും ജലനിരപ്പുയർന്നു. എന്നാൽ തീരപ്രദേശങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ജില്ലയിലെ പ്രധാന നദികളായ പള്ളിക്കൽ, കല്ലട, ഇത്തിക്കര, അയിരൂർ എന്നിവയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നത് ജലനിരപ്പുയരാൻ കാരണമായിട്ടുണ്ട്. ഇതിൽ പള്ളിക്കൽ, കല്ലട എന്നിവ മുന്നറിയിപ്പ് നില (ഓറഞ്ച്) കടക്കുകയും കല്ലടയിലെ ജലനിരപ്പ് അപകട സാദ്ധ്യതാനിലയ്ക്ക് (ചുവപ്പ് ) മുകളിലാവുകയും ചെയ്തിട്ടുണ്ട്. ഇത്തിക്കര, അയിരൂർ എന്നിവയിലും ജലനിരപ്പ് ഉയരുകയാണ്. ദുരന്തനിവാരണ അതോറിട്ടി കല്ലടയാറ്റിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാമുന്നറിയിപ്പ് നൽകിയിയിരിക്കുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ 125 പേർ

ജില്ലയിലെ 3 താലൂക്കുകളിലായി 5 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൊല്ലം, പുനലൂർ താലൂക്കുകളിൽ 2 വീതവും കരുനാഗപ്പള്ളിയിൽ ഒരു ക്യാമ്പുമാണ് ആരംഭിച്ചത്. 33 കുടുംബങ്ങളിൽ നിന്ന് 125 പേരെ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. ജില്ലയിലാകെ 163 ഇടങ്ങളിലാണ് ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്.

സജ്ജമാക്കിയ ക്യാമ്പുകളുടെ എണ്ണം (താലൂക്ക് തലം), പ്രവർത്തനം ആരംഭിച്ചവ ബ്രാക്കറ്റിൽ

കൊല്ലം: 09 (02)

കരുനാഗപ്പള്ളി: 55 (01)

പുനലൂർ: 15 (02)

കൊട്ടാരക്കര: 33

പത്തനാപുരം: 29

കുന്നത്തൂർ: 22

നദികളിലെ ജലനിരപ്പ് മീറ്ററിൽ, ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ നില - മുന്നറിയിപ്പ് നില - അപകടനില

പള്ളിക്കൽ: 13.57 (12.86) - 13.25 - 14.00

കല്ലട: 6.87 (6.03) - 4.50 - 5.50

ഇത്തിക്കര: 98.32 (97.02) -98.50- 99.50

അയിരൂർ: 4.32 (3.95) - 4.80- 5.80

വിവിധ നദീതടങ്ങളിൽ ലഭിച്ച മഴയുടെ അളവ് (നദി - തീരം - അളവ് മില്ലിമീറ്റർ)

1. പള്ളിക്കൽ: ശൂരനാട് - 2.00

2. ഇത്തിക്കര: ആയൂർ - 8.00, പരവൂർ - 3.00

3. കല്ലട: ആര്യങ്കാവ് - 42.00, കൊട്ടാരക്കര - 11.00

4. അയിരൂർ: അയിരൂർ - 5.00

കല്ലട ഡാം

നിലവിലെ ജലനിരപ്പ്: 115. 34 മീറ്റർ

പരമാവധി റിസർവോയർ നില: 115. 82 മീറ്റർ

പരമാവധി ജലനിരപ്പ്: 116. 73 മീറ്റർ

അലർട്ട് നില

ഒന്നാംഘട്ടം: 113. 74 മീറ്റർ

രണ്ടാംഘട്ടം (ഓറഞ്ച്): 114. 81 മീറ്റർ

മൂന്നാം ഘട്ടം (ചുവപ്പ്): 115. 45 മീറ്റർ

ജില്ലയിൽ ഇതുവരെ തകർന്ന വീടുകളുടെ എണ്ണം: 7

ജില്ലയിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം : 140