പുനലൂർ: കനത്ത മഴയെ തുടർന്ന് നവീകരണ ജോലികൾ പൂർത്തിയാക്കിയ കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗാതം ഭാഗീകമായി തടസപ്പെട്ടു. ദേശീയ പാത കടന്ന് പോകുന്ന തെന്മല എം.എസ്.എല്ലിലാണ് പാതയോരം ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ വർഷം പാത നവീകരണങ്ങൾക്കൊപ്പം കൂറ്റൻ പാർശ്വഭിത്തി കെട്ടി ഉയർത്തിയ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. ഇത് കാരണം ഇത് വഴി ഒരു സമയത്ത് ഒരു വാഹനം മാത്രമെ കടന്ന് പോകൂ. സമീപത്തെ കഴുതുരുട്ടി ആറ്റ് തീരത്ത് നിന്ന് 250 അടിയോളം ഉയരത്തിലും 100മീറ്റർ നീളത്തിലും കരിങ്കല്ലിലാണ് പാർശ്വഭിത്തി കെട്ടി ഉയർത്തിയിരിക്കുന്നത്. ഈ ഭാഗത്ത് 100 അടിയോളം നീളത്തിലാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. ഇട വിട്ട് പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഇന്നലെ രാവിലെയാണ് കേരള-തമിഴ്നാട് അന്തർ സംസ്ഥാന പാതയിൽ വിള്ളൽ വീണത്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയ പാതയോരത്ത് വിള്ളൽ രൂപപ്പെട്ടതോടെ ചരക്ക് ലോറി ഉൾപ്പടെയുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് ഭീഷണിയായി മാറുകയാണ്. രണ്ട് വർഷം മുമ്പ് പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു പോയ എം.എസ്.എല്ലിലെ പാതയോരത്താണ് പുതിയ പാർശ്വഭിത്തി പുനർ നിർമ്മിച്ചത്. അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്നാണ് പാതയോരത്ത് വിള്ളൽ രൂപപ്പെട്ടതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. വിള്ളൽ വീണ പാതയോരത്ത് പുനരുദ്ധാരണ ജോലികളും ആരംഭിച്ചിട്ടുണ്ട്.