തഴവ: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ തഴവ പഞ്ചായത്തിന്റെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
തഴവ മണപ്പള്ളി വടക്ക് കണ്ണംചാൽ പുഞ്ച കരകവിഞ്ഞതോടെ പ്രദേശത്തെ പത്തോളം വീടുകൾ ഇപ്പോൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ നാലടിയ്ക്ക് മുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. കൃഷിയും കന്നുകാലി വളർത്തലും പ്രധാന ഉപജീവന മാർഗമാക്കിയിരിക്കുന്ന ഇവർക്ക് പഞ്ചായത്ത് നിർദ്ദേശിയ്ക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. കന്നുകാലികളുടെ സുരക്ഷ കണക്കിലെടുത്ത് ബന്ധുവീടുകളിൽ ഇവർ അഭയം തേടിയിരിക്കുകയാണ്.
ദുരിത കാരണമായി തടയണ
വേനൽക്കാലത്ത് ജലലഭ്യത ഉറപ്പ് വരുത്തുവാനെന്ന പേരിൽ പള്ളിക്കലാറിന് കുറുകേ തടയണ നിർമ്മിച്ചതാണ് ഇവിടെ ദുരിതത്തിന് കാരണമാകുന്നത്. കണ്ണംചാൽ പുഞ്ചയിൽ നിന്ന് യഥാസമയം പള്ളിക്കലാറ്റിലേക്ക് വെള്ളമൊഴുകി മാറുന്നതിന് നിലവിൽ യാതൊരു സംവിധാനവുമില്ലാത്ത അവസ്ഥയാണ്. ഷട്ടറുകൾ ഉൾപ്പടെ ദുരന്ത സാഹചര്യങ്ങളെ നേരിടുവാൻ സംവിധാനങ്ങളില്ലാത്ത തടയണ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നെങ്കിലും ഒടുവിൽ ഘടനാമാറ്റമെന്ന നിലയിൽ തടയണയുടെ അൽപ്പം ഭാഗം മാത്രമാണ് അധികൃതർ പൊളിച്ചു നീക്കിയത്.
കരകവിഞ്ഞ് പാറ്റോലി തോടും
ഒഴുക്ക് നഷ്ടപ്പെട്ട പള്ളിക്കലാർ കരകവിഞ്ഞ് പാവുമ്പ ചുരുളി മേഖലയിലെ നിരവധി കുടുംബങ്ങൾ ഭീഷണിയിലാണ്. പള്ളിക്കലാറിലെ നീരൊഴുക്കിന് നിയന്ത്രണം ഏർപ്പെടുത്തിയത് മുതൽ പാവുമ്പയിലെ ഏക്കർ കണക്കിന് കൃഷിസ്ഥലമാണ് ഉപയോഗശൂന്യമായത്. കനത്ത മഴയിൽ തഴവ കടത്തൂർ പാറ്റോലി തോടും കരകവിഞ്ഞ അവസ്ഥയാണ്. മഴ തുടർന്നാൽ ഇവടെ അൻപതോളം വീടുകളിൽ നിന്ന് ആൾക്കാരെ മാറ്റി താമസിപ്പിക്കേണ്ട സ്ഥിതിയാണ്.