കരുനാഗപ്പള്ളി : തോരാതെ പെയ്യുന്ന മഴക്ക് ഇന്നലെ ശമനം വന്നതോടെ കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. തഴത്തോടുകളിലും കായലുകളിലും ജലനിരപ്പ് അല്പം താഴ്ന്നു. രണ്ട് ദിവസം കൂടി മഴ പെയ്യാതിരുന്നാൽ വെള്ളം പൂർണമായും ഒഴുകി മാറും. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് വെള്ളം ഒഴുകി മാറിയെങ്കിലും വീടിനുള്ളിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് കൂടിയിരിക്കുകയാണ്. വീടുകൾ താമസ യോഗ്യമാകണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് ഉടമകൾ പറയുന്നത്. മഴ വെള്ളം ഒഴിഞ്ഞ് പോകുന്നതോടെ വെള്ളക്കെട്ടിലായ പഴയ വീടുകൾ തകർന്ന് വീഴുമോ എന്ന ആശങ്കയുമുണ്ട്. തീരങ്ങളിലെ മിക്ക വീടുകളും വെള്ളക്കെട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. നിരന്തരമായി ഉണ്ടാകുന്ന ഈർപ്പത്തെ അതിജീവിക്കാനുള്ള ബലം ചെറിയ വീടുകൾക്കില്ല. വെള്ളക്കെട്ടിലായ വീടുകളുടെ ഫൗണ്ടേഷന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. ഈ വീടുകളിൽ കിടന്നുറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. മഴ ശമിച്ചെങ്കിലും പലപ്പോഴും ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്ര് വീശുമ്പോഴാണ് പല വീടുകൾക്കും ക്ഷതം സംഭവിക്കുന്നത്. മഴ ശമിച്ച് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആരോഗ്യ പ്രശ്നങ്ങളും തലപ്പൊക്കി തുടങ്ങി. തീരങ്ങളിൽ കുഞ്ഞുങ്ങൾക്കും പ്രായം ചെന്നവർക്കും വ്യാപകമായി പനി തുടങ്ങി. ചുമയും പനിയും ഉള്ളവർ ഭയത്തിലാണ്. കൊവിഡ് ആണോ എന്ന സംശയവും ഉണ്ട്. മഴ മാറുന്ന മുറക്ക് ആരോഗ്യ പ്രവർത്തകരും അതാത് വാർഡുകളിലെ ആശ വർക്കർമാരും വീടുകളിൽ സന്ദർശനം നടത്തി ആളുകളെബോധവത്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.