ശാസ്താംകോട്ട : കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ കുന്നത്തൂർ താലൂക്കിൽ വ്യാപക നാശം വിതച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 9 വീടുകൾ ഭാഗികമായി തകർന്നു. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. പള്ളിക്കലാറും കല്ലടയാറും കരകവിഞ്ഞ് ശൂരനാട് വടക്ക്, പടിഞ്ഞാറെ കല്ലട,കുന്നത്തൂർ,മൺട്രോതുരുത്ത് തുടങ്ങിയ പഞ്ചായത്തുകൾക്ക് ഭീഷണിയാകുന്നു. എല്ലാ പഞ്ചായത്തുകളിലെയും പ്രധാന പാടശേഖരങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. 28 ഏക്കർ നെൽക്കൃഷി പൂർണമായി വെള്ളക്കെട്ടിലായി. പോരുവഴി,ശൂരനാട് വടക്ക്, പടിഞ്ഞാറെ കല്ലട,കുന്നത്തൂർ പഞ്ചായത്തുകളിലെ സ്ഥിതി അത്യധികം രൂക്ഷമാണ്. പടിഞ്ഞാറെ കല്ലട കോതപുരം മാനത്താഴ വടക്കതിൽ രത്നമ്മയമ്മ, കണത്താർകുന്നം കാഞ്ഞിരംതറ കിഴക്കതിൽ റംല, പോരുവഴി കമ്പലടി ചാമവിള തെക്കതിൽ ആൻസി,മുതുപിലാക്കാട് പള്ളിയുടെ പടിഞ്ഞാറ് സുനിത എന്നിവരുടെ വീടുകളാണ് ഞായറാഴ്ച തകർന്നത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് താലൂക്കിൽ സംഭവിച്ചത്.

ദുരിതാശ്വാസ ക്യാമ്പ്

ശാസ്താംകോട്ട പെരുവേലിക്കരയിൽ അങ്കണവാടിയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി.