കൊട്ടാരക്കര : താലൂക്കിൽ ഇന്നലെയും പത്തോളം വീടുകൾ ഭാഗീകമായി തകർന്നു . ഒരു കിണർ ഇടിഞ്ഞു താണു. പല ഭാഗത്തും മഴവെള്ളം ഇരച്ചുകയറി. പവിത്രേശ്വരം, കലയപുരം, ഇഞ്ചക്കാട്, മൈലം, കുന്നക്കര, നെല്ലിക്കുന്നം, വാളകം തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത തടസം ഉണ്ടാകും വിധം ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

പവിത്രേശ്വരം പഞ്ചായത്തിൽ കലയപുരം അന്തമൺ പാലവിള പുത്തൻവീട്ടിൽ ലീലാമ്മ, നെടുവത്തൂർ ആനക്കോട്ടൂർ ശാന്തിപുഷ്പം വീട്ടിൽ പ്രതാപിന്റെ കോൺക്രീറ്റ് വീട്, കരീപ്ര പണിക്കരഴികത്ത് വീട്ടിൽ പ്രസന്നകുമാരിയുടെ വീട് എന്നിവയാണ് ഭാഗീകമായി തകർന്നത്. വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

കല്ലട ആറിന്റെ തീരപ്രദേശങ്ങളായ ആറ്റുവാശ്ശേരി, തെക്കുംചേരി,താഴം, ചെറുപൊയ്ക പ്രദേശങ്ങളിൽ മഴ വ്യാപകമായി നാശം വിതച്ചു. ഏലാകൾ വെള്ളത്തിനടിയിലായി. ആറ്റുവാശ്ശേരി ഞാങ്കടവ് റോഡ് പൂർണമായും വെള്ളത്തിലായി. ആറ്റുവാശ്ശേരി കളിത്തട്ട് വെള്ളത്തിൽ മുങ്ങി. കരിക്കത്തിൽ താഴത്തു വീട്ടിൽ ബാബുവിന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. തൃക്കണ്ണമംഗൽ ചേരൂർ എം.സി ജോസിന്റെ കൃഷിയിടവും ഏലായും ചേരൂർ സജിയുടെ ഏലായും മരച്ചീനിയും മ റ്റു കൃഷികളും വെള്ളക്കെട്ടിലായി. മുക്കോട് എം.സി റോഡ് ഏലാ പൂർണമായും വെള്ളക്കെട്ടിലായി. ഈ.ടി.സി പെരുങ്കുഴി ഏലാ, പാണ്ടിവയൽ, പൊന്മാന്നൂർ ഏലാകളിൽറോഡും തോടും കാണാനാകാത്ത രീതിയിൽ പ്രളയ ജലം പരന്നൊഴുകുകയാണ്. പലർക്കും വീട്ടിൽ നിന്നി പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.