കൊല്ലം: സിവിൽ സർവീസ് അടക്കമുള്ള മത്സര പരീക്ഷകൾക്കായി കുട്ടികളെ സ്കൂൾ ക്ലാസ് മുതൽ പ്രത്യേക പരിശീലനം നൽകി പ്രാപ്തരാക്കണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. പുതുതലമുറയ്ക്ക് സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഗവൺമെന്റ് ഉദ്യോഗങ്ങൾ ലഭിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം നടപ്പാക്കുന്ന പരീക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായി നടന്ന രക്ഷാകർതൃ സമ്മേളനം കൊല്ലം എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്തിയെടുത്താൽ മാത്രമേ ഗുരുദേവൻ ലക്ഷ്യംവെച്ച വിദ്യാഭ്യാസപുരോഗതി നമുക്ക് നേടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷാ റാങ്ക് ജേതാവ് നിവേദിത രാജ് മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം ട്രഷറർ ഡോ. എസ്. വിഷ്ണു, വൈസ് പ്രസിഡന്റ് ജി. ബൈജു, പെൻഷണേഴ്സ് കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. രവീന്ദ്രൻ, കമ്മിറ്റി അംഗം ഗണേഷ് റാവു, ജെ. സിനോലിൻ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ കോ- ഓർഡിനേറ്റർ പി.വി. രജിമോൻ സ്വാഗതവും ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ നന്ദിയും പറഞ്ഞു.