ഓയൂർ: പൂയപ്പള്ളി, വെളിയം, വെളിനല്ലൂർ, കരീപ്ര മേഖലകളിൽ നിരവധി വീടുകൾ തകർന്നു. കൃഷി ഇടങ്ങൾ
വെള്ളത്തിനടിയിലായി.
പൂയപ്പള്ളി സാമിൽ ജംഗ്ഷനിൽ ചരുവിള വീട്ടിൽ രമണിയുടെ (മേരി) ഓടിട്ട വീടിന്റെ അടുക്കളയുടെ ചിമ്മിനി ഉൾപ്പെടെ നിലം പതിച്ചു . മീയണ്ണൂർ പാലമുക്കിൽ ഷിബു വിലാസത്തിൽ ബാബുവിന്റെ വീട് ഭാഗികമായി തകർന്നു. കൊട്ടറ കൃഷ്ണവിലാസത്തിൽ രവീന്ദ്രന്റെ ഓടിട്ട വീടിന്റെ മേൽക്കുര പൂർണമായും തകർന്നുവീണു.
കൊട്ടറയിൽ പാരിജാതത്തിൽ സൈനികൻ കിരൺ കമലിന്റെ വീട്ടിലേക്ക് മൺതിട്ട ഇടിഞ്ഞ് വീണ് വീടിന്റെ സൺ ഷെയ്ഡിനും ഭിത്തികൾക്കും നാശം സംഭവിച്ചു. ഒരു വർഷം മാത്രം പഴക്കമുള്ള വീടാണ്.
വെളിനല്ലൂർ ആറ്റൂർക്കോണം കുന്നുംപുറത്ത് വീട്ടിൽ ഫാത്തിമ ബീവിയുടെ വീട് ഭാഗികമായി തകർന്നു.
നെടുമൺകാവ് ആറിന്റെ മൂഴി ഭാഗത്ത് മാടൻവിള ഏലായിലെ കൃഷിയിടങ്ങൾ ഒരാഴ്ചയിലധികമായി വെള്ളത്തിനടിയിലാണ്. പ്രദേശത്തെ ഒട്ടുമിക്ക നിലങ്ങളിലെയും മരച്ചീനി, ചേമ്പ്, ചേന, പച്ചക്കറികൾ, വാഴ തുടങ്ങിയ എല്ലാ വിധ കൃഷി ക ളും നശിച്ചു. ഇത്തിക്കരയാറിന്റെ തീര പ്രദേശങ്ങളിലെ നിലങ്ങളിലെ കാർഷിക വിളകളും റബർ പുരയിടങ്ങളും വെള്ളത്തിനടിയിലായി.