കൊട്ടാരക്കര: വൈദ്യുതി ലൈൻ പൊട്ടിവീണു വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. രണ്ട് പശുക്കൾ ചത്തു. പെരുംകുളം കാളീലുവിള വീട്ടിൽ രാഗിണിയ്ക്കാണ് പൊള്ളലേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് പശുക്കളുടെ അസ്വഭാവിക കരിച്ചിൽ കേട്ട് നോക്കാനെത്തിയപ്പോഴാണ് രാഗിണിയ്ക്ക് വൈദ്യുതാഘാതമേറ്റത്. തൊഴുത്തിന് മുകളിലൂടെ വലിച്ചിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടകാരണം. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുറ്റത്തെ തേക്ക് ഒടിഞ്ഞുവീണാണ് വൈദ്യുതി ലൈൻ പൊട്ടിയത്. ഇത് കാലിത്തൊഴുത്തിൽ പതിച്ചതോടെ തൊഴുത്തിൽ കെട്ടിയിരുന്ന നാല് പശുക്കളിൽ രണ്ടെണ്ണം ഷോക്കേറ്റ് ചത്തു. ശബ്ദംകേട്ട് വന്ന രാഗിണിക്കും വൈദ്യുതാഘാതമേറ്റതോടെ വീട്ടുകാർ ഫ്യൂസ് ഊരിയെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.