കരുനാഗപ്പള്ളി: അയണിവേലിക്കുലര കെന്നഡി മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പൂർത്തിയാകാതെ പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാനഘട്ടത്തിൽ പുതിയ ലോക്കൽ കമ്മിറ്രി മെമ്പർമാരുടെ പാനൽ ഒൗദ്യോഗിക പക്ഷം അവതരിപ്പിച്ചു. ഇതിനെതിരെ സമ്മേളന പ്രതിനിധികളായ 6 പേർ മത്സര രംഗത്ത് എത്തിയതോടെയാണ് സമ്മേളനം പൂർത്തിയാക്കാൻ കഴിയാതെ പിരിയേണ്ടി വന്നത്. 15 അംഗ ലോക്കൽ കമ്മിറ്രി അംഗങ്ങളുടെ പാനലാണ് സമ്മേളനത്തിന്റെ അംഗീകാരത്തിനായി ഒൗദ്യോഗിക പക്ഷം അവതരിപ്പിച്ചത്. ഒൗദ്യോഗിക പാനലിനെതിരെ സമ്മേളന പ്രതിനിധികളായ എ.അജയകുമാർ, എസ്.വേണു, സോമൻ, സലിം, നസീം, ശിവപ്രസാദ് എന്നിവരാണ് മത്സര രംഗത്ത് എത്തിയത്. ഇവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഉൾപ്പടെ നടത്തിയ സമവായ ചർച്ച പൊളിഞ്ഞു. മൂന്നര മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സമ്മേളനം മാറ്റിവെച്ചതായി പ്രസീഡിയം അറിയിച്ചു. സമ്മേളനത്തിൽ 80 ഓളം പ്രതിനിധികൾ പങ്കെടുത്തു.