തൊടിയൂർ: രാത്രി വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്നരവയസുകാരിയുടെ കിടക്കയിലേക്ക് ഇഴഞ്ഞു കയറിയ അണലിയെ വീട്ടുകാർ പിടികൂടി. കല്ലേലിഭാഗം 19-ാം വാർഡിൽ കൃഷ്ണാലയത്തിൽ കൃഷ്ണകുമാർ പ്രിയ ദമ്പതികളുടെ തകരഷീറ്റ് കൊണ്ടു നിർമ്മിച്ച രണ്ടു മുറി വീടിനുള്ളിലേക്കാണ് പാമ്പ് കയറിയത്. വൈദ്യുതി ഇല്ലാത്ത വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കൃഷ്ണ കുമാർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ സമീപത്ത് താമസിക്കുന്ന കൃഷ്ണകുമാറിന്റെ അച്ഛനെ വിവരം അറിയിച്ചു.അദ്ദേഹം എത്തി പാമ്പിനെ പിടികൂടി ബക്കറ്റിലാക്കി. ഇവരുടെ വീട്ടിൽ തുടർച്ചയായി ഇഴജന്തുക്കൾ എത്താറുണ്ടെന്ന് പറയുന്നു. ലൈഫ് ഭവനപദ്ധതിയിൽ വീടിന് അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണ് ഈ കുടുംബം.