കൊല്ലം: മലയാള സിനിമയുടെ തലപ്പൊക്കം കണക്കാക്കിയാൽ കൊട്ടാരക്കര ശ്രീധരൻ നായർ അതിനൊപ്പം നിൽക്കും. മലയാളികളുടെ മനസിൽ കഴിഞ്ഞ അരനൂറ്റാണ്ടായി നീന്തിത്തുടിക്കുന്ന ചെമ്മീൻ എന്ന സിനിമയിലെ ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രം മാത്രം മതി ഈ പ്രതിഭയുടെ അഭിനയത്തികവിന് സാക്ഷ്യമായി. വെള്ളിത്തിരയുടെ ദൃശ്യവിസ്‌മയത്തിൽ കൊട്ടാരക്കരയുടെ പേരിന് പ്രൗഢി പകർന്ന കൊട്ടാരക്കര ശ്രീധരൻ നായർ ഓർമ്മയായിട്ട് ഇന്ന് 35 വർഷം പൂർത്തിയാവുകയാണ്. ഇതിന്റെ ഭാഗമായി കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി അനുസ്‌മരണ സമ്മേളനം നടക്കും. വൈകിട്ട് 5ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ പി. ഐഷാപോറ്റി, നഗരസഭാ ചെയർമാൻ എ.ഷാജു, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, കാഥികൻ വി.ഹർഷകുമാർ, അമ്പലക്കര അനിൽകുമാർ, ശോഭാമോഹൻ, വിനു മോഹൻ, ഡോ.പി.എൻ.ഗംഗാധരൻ നായർ, ആർ.കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.
പ്രസന്ന മുതൽ
മിഴിനീർപ്പൂവുകൾ വരെ
ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടുകളും മോഷൻ പിക്ചർ അക്കാഡമികളും ഇല്ലാതിരുന്ന ഒരു കാലത്ത് ആത്മാവിൽ സ്‌ഫുടം ചെയ്തെടുത്ത അഭിനയത്തികവിന്റെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യമായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. സിനിമാ മലയാളത്തിന്റെ ഹൃദയ ഭൂമികയിൽ അനശ്വരനായി വിരാജിക്കുന്ന ചെമ്മീനിലെ ചെമ്പൻകുഞ്ഞും ദേശസ്നേഹത്തിന്റെ അപരാജിത ഭാഗമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ പഴശ്ശിരാജയും വേലുത്തമ്പി ദളവയും കുഞ്ഞാലി മരക്കാറുമൊക്കെ മലയാളത്തിന് മറക്കാനാകില്ല. പ്രസന്ന മുതൽ മിഴിനീർപ്പൂവുകൾ വരെയുള്ള 160 സിനിമകളിലാണ് അര നൂറ്റാണ്ട് കാലത്ത് ഈ നടൻ അഭിനയത്തിന്റെ പകർന്നാട്ടം നടത്തിയത്. ഏറെയും ചരിത്ര കഥാപാത്രങ്ങളാണ് കൊട്ടാരക്കരയ്‌ക്ക് ഇണങ്ങിയത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയിലൂടെ പുതുതലമുറയ്‌ക്കും അദ്ദേഹം പരിചിതനായി. അരനാഴികനേരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1970ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
നാടകത്തിലൂടെ
വെള്ളിത്തിരയിലേക്ക്
കൊട്ടാരക്കര റെയിൽവേ സ്‌റ്റേഷന് സമീപത്തെ കൊരട്ടിയോട് വീട്ടിൽ നാരായണ പിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്‌തംബർ 11നാണ് ശ്രീധരൻ നായർ ജനിച്ചത്. പത്താം വയസിൽ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ജയശ്രീ കലാമന്ദിരം എന്ന പേരിൽ നാടക കമ്പനി തുടങ്ങി. വേലുത്തമ്പി ദളവ ആദ്യമായി അരങ്ങിലെത്തിച്ചത് ഈ നാടക കമ്പനിയാണ്. 1950ൽ പ്രസന്നയിലൂടെ ശ്രീധരൻ നായർ വെള്ളിത്തിരയിലെത്തി. വില്ലനായിട്ടായിരുന്നു തുടക്കമെങ്കിലും അധികം വൈകാതെ നായക പദവിയിലേക്കുയർന്നു. വേഷമിട്ടാൽ കഥാപാത്രമായി ജീവിക്കുകയാണ് ശ്രീധരൻ നായരുടെ രീതിയെന്ന് പഴയ സിനിമാക്കാർ പറയാറുണ്ട്. വേഷമഴിച്ച് വീട്ടിലെത്തിയാലും കഥാപാത്രം വിട്ടുപോവില്ലെന്ന് ബന്ധുക്കളും. അച്‌ഛന്റെ അഭിനയ പാടവം കൈമുതലാക്കി മക്കൾ സായികുമാറും ശോഭാ മോഹനും ചെറുമക്കൾ വിനുമോഹൻ, അനുമോഹൻ തുടങ്ങി മരുമക്കളും കൊച്ചുമക്കളുമൊക്കെ സിനിമാ ലോകത്ത് ഇപ്പോഴും സജീവമാണ്. ശ്രീധരൻ നായരുടെ അഭിനയ ജീവിതത്തിന് എന്നും വലിയ പ്രോത്സാഹനമായിരുന്ന ഭാര്യ വിജയലക്ഷ്‌മിയമ്മയുടെ സാന്നിദ്ധ്യമില്ലാതെയാണ് ഇക്കുറി ഓർമ്മദിനം എത്തുന്നത്. ജനുവരിയിൽ 93ാം വയസിലാണ് വിജയലക്ഷ്‌മിയമ്മ വിട പറഞ്ഞത്.
സ്‌മാരകം നിർമ്മിക്കും
കൊട്ടാരക്കര ശ്രീധരൻ നായർക്ക് ജന്മനാട്ടിൽ സ്‌മാരകം നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരത്തിന് ശ്രീധരൻ നായരുടെ പേരാണ് നൽകിയിട്ടുള്ളത്. മറ്റ് സ്‌മാരകങ്ങളൊന്നും ഈ അഭിനയപ്രതിഭയ്‌ക്കായി കൊട്ടാരക്കരയിൽ ഉണ്ടായിരുന്നില്ല. മിനി സിവിൽ സ്‌റ്റേഷൻ വളപ്പിൽ പ്രതിമ നിർമ്മിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.