കൊല്ലം: കല്ലുപാലം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ചും പണികൾ അടിയന്തരമായി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിലെ എട്ടു വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ നാളെ രാവിലെ 10ന് കല്ലുപാലത്തിന് കിഴക്കുവശത്ത് പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കല്ലുപാലം പുനർനിർമ്മിക്കുന്നതിന് വേണ്ടി പഴയപാലം പൊളിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് 2019ൽ നിലവിലുണ്ടായിരുന്ന പാലം പൊളിച്ചതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എയും മേയറും 50 ദിവസം കൊണ്ട് പാലം പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് നല്കിയിട്ട് എട്ടുമാസം കഴിഞ്ഞു. പൈലിംഗ് പണികൾ പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതേത്തുടർന്ന് നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടതായും ഭാരവാഹികൾ പറഞ്ഞു.
ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. രാമഭദ്റൻ, ജനറൽ കൺവീനർ നേതാജി ബി. രാജേന്ദ്രൻ, വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, സെക്രട്ടറി എസ്. രമേഷ്‌കുമാർ (ടി.എം.എസ്. മണി), ട്രഷറർ എ.കെ. ജോഹർ, ആർ. ചന്ദ്രശേഖരൻ, എ. ഷറഫുദ്ദീൻ, ആന്റണി റോഡ്രിക്സ്, എസ്. രാമാനുജം, ബിജു വിജയൻ എന്നിവർ പങ്കെടുത്തു.
പണി ഇന്നു തുടങ്ങും
കൊല്ലം: കല്ലുപാലം പുതുക്കിപ്പണിയുന്ന പ്രവൃത്തികൾ ഇന്നാരംഭിക്കുമെന്ന് സി.പി.എം അനുകൂല സംഘടനയായി കേരള വ്യാപാരി വ്യവസായി സമിതി കൊല്ലം ടൗൺ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് യൂസഫ്, പ്രസിഡന്റ് കമാൽ പിഞ്ഞാണിക്കട എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സമിതി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ തങ്ങളുമായി ചർച്ച നടത്തുകയും ഇന്ന് പണി ആരംഭിച്ച് അടുത്ത ജനുവരിയിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു.