photo
ഞാങ്കടവ് പദ്ധതിയ്ക്കായി കല്ലടയാറിന്റെ തീരത്ത് നിർമ്മിച്ച പമ്പ് ഹൗസും കിണറും

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്നതിന് റീ ടെണ്ടർ നടപടി ആരംഭിച്ചു. 32 കോടി രൂപയാണ് തടയണ നിർമ്മാണ പദ്ധതിക്ക്. ഇതിന് സാങ്കേതിക അനുമതിയായതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ റീ ടെണ്ടർ നടക്കും. ഡിസംബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. കനത്ത മഴയിൽ ഇപ്പോൾ കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തെന്മല ഡാം ഷട്ടർ കൂടുതൽ തുറന്നാൽ കൂടുതൽ വെള്ളം ഉയരും. നിർമ്മാണ ജോലികൾ സീസൺ നോക്കി നടത്തിയാൽ മതിയെന്നാണ് തീരുമാനം. വരുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിലായി തടയണയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കും.

ആദ്യ കരാർ റദ്ദാക്കി

25 കോടി രൂപയാണ് നിർമ്മാണത്തിനായി ആദ്യം വകയിരുത്തിയത്. ആറര മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണമെന്നായിരുന്നു എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ കല്ലടയാറ്റിൽ ആഴക്കൂടുതലുള്ള ഭാഗമാണിവിടം. മദ്ധ്യഭാഗത്ത് മൂന്ന് നില പൊക്കം കണക്കാക്കി 9 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണം. അതുകൊണ്ടുതന്നെ കൂടുതൽ തുക വേണമെന്ന് കരാറുകാരൻ ആവശ്യപ്പെടുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി കല്ലടയാറിന്റെ തീരത്തെ ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ടാങ്കും പമ്പ് ഹൗസും സ്ഥാപിച്ച ഭാഗം കൂടുതൽ ബലപ്പെടുത്തണം. അധികമായി സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിനും മറ്റുമായി 2 കോടി രൂപ കൂടി വീണ്ടും വകയിരുത്തി. എസ്റ്റിമേറ്റ് പുതുക്കിയെടുത്തതിൻ പ്രകാരമാണ് 32 കോടി രൂപയുടെ തടയണ പദ്ധതി വരുന്നത്. ആദ്യ കരാർ റദ്ദായതോടെ പുതിയ തുക കണക്കാക്കി റീ ടെണ്ടർ ക്ഷണിക്കുകയാണ്. ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ നിർമ്മാണ ചുമതല. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടാനുള്ള സൗകര്യവും ഒരുക്കും.

ഉപ്പുവെള്ളം കയറാത്തവിധം

പമ്പ് ഹൗസിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് തടയണ നിർമ്മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാനും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമ്മിക്കുന്നത്. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 96 മീറ്റർ നീളമുള്ളതാണ് തടയണ. പഴയ ചീപ്പിനെപ്പോലെ റഗുലേറ്റർ മാതൃകയിലാണ് ഇതും നിർമ്മിക്കുന്നത്. മണൽ ചാക്കുകൾ അടുക്കി 45 മീറ്റർ ഭാഗം വേ‌ർതിരിച്ചെടുത്ത് വെള്ളം വറ്റിച്ചശേഷമാണ് ഒരു ഭാഗത്ത് തടയണ നിർമ്മിക്കുക. മറുഭാഗത്തുകൂടി വെള്ളം ഒഴുകി പോകുന്ന വിധമാണ് നിർമ്മാണം. മുകളിലേക്ക് ആറ് മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർ‌ത്തുകയും താഴ്‌ത്തുകയും ചെയ്യാം.