കൊട്ടാരക്കര : നിയോജക മണ്ഡലത്തിലെ വികസന ശിൽപ്പശാല പുലമൺ മാർത്തോമ്മാ ജൂബിലി ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ടൗണിന്റെ തീരാശാപമായ ഗതാഗത കുരുക്കു മുതൽ സാംസ്കാരിക കേന്ദ്രമായ കൊട്ടാരക്കര ശ്രീധരൻനായർ സ്മാരകം വരെയുള്ള നൂറുകണക്കിന് പ്രശ്നങ്ങൾ സെമിനാറിൽ ചർച്ചക്ക് വന്നു. കേരളകൗമുദി മുന്നോട്ടു വച്ച ഇലക്ട്രിക് ശ്മശാനവും ടൗൺ ബസ് സർവീസ് ആരംഭിക്കുന്ന കാര്യവും സെമിനാറിൽ ഗൗരവമായി പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചു. ബൈപ്പാസും ഫ്ളൈ ഓവറും സമാന്തര പാതയും ഉൾപ്പടെയുള്ള പരിഹാരമാർഗങ്ങളാണ് ടൗണിലെ ട്രാഫിക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. ആഗ്രോ പാർക്ക്, കാർഷിക മേഖലയിലെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണി, കാർഷിക മേഖലയിലെ ജനകീയ ഇടപെടലുകൾ തുടങ്ങി താലൂക്കിന്റെ സമഗ്ര വികസനത്തിനു സാദ്ധ്യമായ എല്ലാ നിർദ്ദേശങ്ങളും പൂർണമായും പരിഗണിക്കുമെന്ന് സെമിനാറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉറപ്പു നൽകി.
എൽ.ഡി.എഫ് കൺവീനർ കെ.എസ്. ഇന്ദുശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. പി.ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, വൈസ് പ്രസിഡന്റ് സുമലാൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ്, വെട്ടിക്കവല ബ്ളോക്ക് പ്രസിഡന്റ് കെ. ഹർഷകുമാർ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദു കുമാർ,മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, സി.പിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, പി.എ. ഏബ്രഹാം, മുരളി മടന്തക്കോട്, ആർ.മുരളീധരൻ, രാജൻ ബോധി,കലയപുരം ജോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജന പ്രതിനിധികൾ തുടങ്ങിയവർ വികസന സെമിനാറിൽ പങ്കെടുത്തു.