v
രാഹുൽ

ഹരിപ്പാട്: അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി ആറാട്ടുപുഴ പടിഞ്ഞാറ് കടലിൽ കാണാതായ കൊല്ലം അഴീക്കൽ തെക്കടുത്ത് വീട്ടിൽ രാഹുലിന്റെ (30) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ തൃക്കുന്നപ്പുഴ പതിയാങ്കര വാഫി കോളേജിന് പടിഞ്ഞാറ് കടൽഭിത്തിക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴീക്കലിൽ നിന്ന് കഴിഞ്ഞ 13ന് മത്സ്യബന്ധനത്തിന് പോയ ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു. മൂന്ന് ദിവസം മത്സ്യത്തൊഴിലാളികളും നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, തോട്ടപ്പള്ളി-നീണ്ടകര കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശക്തമായ മഴയിൽ കടൽ പ്രക്ഷുബ്ധമായതോടെ തെരച്ചിൽ നിർത്തിവച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പരേതനായ രാജേന്ദ്രനാണ് പിതാവ്. അമ്മ: കൃഷ്ണ ലീല, പോളിയോ ബാധിച്ചു ഇരു കാലുകളും തളർന്ന ഉണ്ണി മായയാണ് ഭാര്യ. മക്കൾ: രുഷ്, ആദികേശു.