കടയ്ക്കോട് : കനത്ത പേമാരിയിൽ നെൽപ്പാടങ്ങൾ തോടായി. കരീപ്രയിലെ കർഷകർ വൻ നഷ്ടം നേരിടുകയാണ്. പാട്ടുപുരയ്ക്കൽ, വാക്കനാട് ഏലാകളിലാണ് ഏറെ കൃഷി നാശം. മടന്ത കോട്ടും ഏലായിൽ വെള്ളം കയറിയിട്ടുണ്ട്. കുന്നിൻ വട്ടത്ത് വിതച്ച നെല്ല് ഒഴുകിപ്പോയതിനാൽ വീണ്ടും വിതയ്ക്കേണ്ട സ്ഥിതിയാണ്. ഒന്നാം വിള ചെയ്ത പാടങ്ങളിൽ വിളവെടുപ്പിന് പാകമായ നെൽച്ചെടികൾ വെള്ളത്തിൽ മറിഞ്ഞിട്ടുണ്ട്. ഏലാ തോടുകൾ ഗതി മാറി വയലുകളിലൂടെ ഒഴുകിയതാണ് മിക്കയിടത്തെയും പ്രശ്നം.
നഷ്ട പരിഹാരം നൽകണം
തോടുകൾ യഥാ സമയം ആഴവും വീതിയും നിലനിറുത്തി സംരക്ഷിക്കാത്തതാണ് കണ്ടങ്ങളിലേക്ക് വെള്ളം മറിയാൻ ഇടയാക്കുന്നത്. വെള്ളം നിറഞ്ഞ് നിൽക്കുന്നത് യന്ത്രവത്കൃത കൊയ്ത്തിനും ബുദ്ധിമുട്ടാണ്. നഷ്ടത്തിന് അർഹമായ സാമ്പത്തിക പരിഹാരം നൽകണമെന്നതാണ് കർഷകരുടെ ആവശ്യം. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
സഹായത്തിന് ഇടപെടും
ചെറിയ നഷ്ടം പോലും താങ്ങാനാകാത്ത നിലയിലാണ് കർഷകർ. പരമാവധി സഹായം ഉറപ്പാക്കും.
ആർ. ജയശ്രി,
കൃഷി അസി.ഡയറക്ടർ,
കൊട്ടാരക്കര.