പുനലൂർ: വിനോദ സഞ്ചാരികൾ തെന്മല 13കണ്ണറ പാലത്തിൽ കയറുന്നത് വിലക്കിയ റെയിൽവേയുടെ ഉത്തരവ് പിൻ വലിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് ഫോറത്തിന്റെ നേൃത്വത്തിൽ നേതാക്കൾ ചെന്നൈയിലെ ഓഫീസിലെത്തി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആനന്ദിന് നിവേദനം നൽകി. പുനലൂർ-ചെങ്കോട്ട റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുക, വിനോദസഞ്ചാര കേന്ദ്രമായ തെന്മലയിൽ എഗ്മോർ എക്സ്പ്രസ് ട്രെയിന് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. പാസഞ്ചേഴ്സ് ഫോറം രക്ഷാധികാരി എൽ.ഗോപിനാഥ പിള്ള, പ്രസിഡന്റ് എ.ടി.ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ ഇടമൺ റെജി, എ.മുഹമ്മദ് ഖാൻ, കമ്മിറ്റി അംഗങ്ങളായ കെ.എൻ.സുഭാഷ്, ആർ.സുമേഷ്, ബിജു തവരാണ്ണയിൽ, വി.ജയദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.