ഓച്ചിറ : കാറ്റും മഴയും വന്നാൽ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാറായ വീടുകളിൽ ഭീതിയോടെ കഴിയുകയാണ് 33 കുടുംബങ്ങൾ. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ആലുംപീടികയ്ക്ക് സമീപമുള്ള നിർമ്മിതി കോളനിയുടെ അവസ്ഥയാണിത്. ചുറ്റും കായലാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറുന്ന അവസ്ഥയാണ്. സുനാമി ദുരന്തമുണ്ടായപ്പോൾ ഉപ്പ് വെള്ളം കയറിയത് വീടുകളുടെ ബലക്ഷയത്തിന് കാരണമായി.
1985ൽ കൊല്ലം കളക്ടറായിരുന്ന ആനന്ദബോസ് കൊല്ലം ആസ്ഥാനമായി ആരംഭിച്ച നിർമ്മിതി കേന്ദ്രമാണ് വീടുകൾ നിർമ്മിച്ചത്. കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹാർദ്ദമായ വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു നിർമ്മിതി എന്ന ആശയത്തിന് പിന്നിൽ.ആകെയുണ്ടായിരുന്ന 40 വീടുകളിൽ 33 എണ്ണമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
ഫയലിൽ നിന്ന് വയലിലേക്ക്
സാധാരണക്കാരന്റെ പരാതികൾ പരിഹരിക്കുന്നതിനും ഗ്രാമീണ ജനതയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുമായി ആവിഷ്ക്കരിച്ച 'ഫയലിൽ നിന്നും വയലിലേക്ക്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് നിർമ്മിതി കോളനി. ആദ്യഘട്ടത്തിൽ മിശ്ര വിവാഹിതരായ കുടുംബങ്ങൾക്കായാണ് വീടുകൾ അനുവദിച്ചതെങ്കിലും പിന്നീട് ചില മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും വീട് ലഭിച്ചു.
ലൈഫ് പദ്ധതിയിൽ
ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി ഇവർക്ക് വീട് അനുവദിച്ച് നൽകാൻ ശ്രമിച്ചെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത വീടുകൾ ആദ്യഘട്ടത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എ.എം ആരിഫ് എം.പി കഴിഞ്ഞ ദിവസം നിർമ്മിതി കോളനി സന്ദർശിച്ച് വീട്ടുകാരിൽ നിന്ന് പരാതി സ്വീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി ഇവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനാവശ്യമായ സഹായസഹകരണങ്ങൾ നൽകാമെന്ന് എം.പി ഉറപ്പ് നൽകി.
നിർമ്മിതി കോളനിയിൽ താമസിക്കുന്ന, മഴ പെയ്താൽ ഭീതിയുടെ പെരുമഴ പെയ്യുന്നവരുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് റവന്യു വകുപ്പിന് മാത്രമേ കഴിയുകയുള്ളൂ. ഇവർ മുഖ്യമന്ത്രി മുതൽ വില്ലേജോഫീസ് വരെ കയറി ഇറങ്ങിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇവർക്ക് അടിയന്തരമയി വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകണമെന്നാവശ്യപ്പെട്ട് റവന്യുവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
സി.ആർ. മഹേഷ് എം.എൽ.എ.