കൊല്ലം: കരാറുകാരേയും കൂട്ടി തന്നെ കാണാൻ എം.എൽ.എമാർ വരുതെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാടിന് പിന്തുണ അറിയിക്കാൻ ആൾ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് കൊല്ലം ജില്ലാ ഘടകം തീരുമാനിച്ചു.
കേരളത്തിൽ ചെറുകിട, ഇടത്തരം കരാറുകാർ നിരവധി പ്രതിസന്ധികൾ തരണം ചെയ്തു നീങ്ങവേ ആറു വർഷമായി വൻകിട കരാറുകാർക്ക് വേണ്ടി മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അവരെയും കൂട്ടി മന്ത്രിമാരെ കാണുകയും വഴിവിട്ട് കാര്യങ്ങൾ സാധിക്കുകയുമാണ് ചെയ്തിരുന്നത്. ഇതുമൂലം കരാറുകാർ നേരിടുന്ന പൊതുവായ വിഷയങ്ങൾക്ക് സംഘടനാ തലത്തിൽ ഇടപെടൽ ഇല്ലാതായി. ചെറുകിട, ഇടത്തരം കരാറുകാരുടെ നിലനിൽപ്പിനുവേണ്ടി കാഷ്യൂ കോർപ്പറേഷൻ മുൻ ചെയർമാൻ എസ്. ജയമോഹന്റെ നേതൃത്വത്തിൽ കരാറുകാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
യോഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത് പ്രസാദ് ജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാസെക്രട്ടറി പുണർതം പ്രദീപ്, ജില്ലാ സെക്രട്ടറി ജെ. ബദറുദ്ദീൻ, ജില്ലാ ട്രഷറർ പി.അജയകുമാർ, ഭാരവാഹികളായ എസ്. മൻമഥൻ പിള്ള, ആർ. സുഗതൻ, കെ.എൽ. കൃഷ്ണലാൽ, പി.എച്ച്. റഷീദ്, എൽ. സത്യശീലൻ, യൂണിറ്റ് ഭാരവാഹികളായ പി.കെ. അശോകൻ, കെ. സത്യരാജൻ, എസ്. രാജു, ജി. സുനിൽ കുമാർ, കെ.എസ്. ചന്ദ്രലാൽ, എസ്. ജയന്ദ്രജൻ, എൻ. ബാഹുലേയൻ, എസ്. സുമംഗളൻ, എം. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.