കൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നു 250 ഗ്രാം കഞ്ചാവ് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെടുത്തു. കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബാഗ് ലഭിച്ചത്.
ബാഗിൽ നിന്നു സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പി.ഒ.എസ് മെഷീനും രണ്ട് മൈക്രോ ഫോണുകളും ഒരു മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. ബംഗാൾ സ്വദേശിയായ യുവാവിന്റെ ആധാർ കാർഡും ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു, പരിശോധന ഭയന്ന് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. പ്രിവന്റീവ് ഓഫീസർ എം. മനോജ്‌ലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിധിൻ, ജൂലിയൻ ക്രൂസ്, അജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ രമ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബാഗ് കണ്ടെടുത്തത്.