flood
നെൽപ്പുരക്കുന്നിൽ റോഡിൽ വിള്ളൽ ഉണ്ടായ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിയ്ക്കുന്നു.

പടിഞ്ഞാറേകല്ലട: കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് പി.ഡബ്ല്യു.ഡി റോഡിൽ നെൽപ്പുര കുന്ന് ഹയർസെക്കൻഡറി സ്കൂളിന് സമീപം കല്ലടയാറിനോട് ചേർന്ന റോഡിന്റെ ഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഇത് വഴി നിയന്ത്രണം ഏർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചു. കിഫ്ബി പദ്ധതി പ്രകാരം നവീകരണം നടക്കുന്ന റോഡിന്റെ ഉയരം പഴയതിൽ നിന്ന് ഒരു മീറ്ററോളം വർദ്ധിപ്പിച്ചാണ് ആദ്യഘട്ട ടാറിംഗ് ജോലികൾ പൂർത്തിയായത്. എന്നാൽ നിലവിലെ പാർശ്വഭിത്തിയുടെയും തൂണുകളുടെയും ഉയരം കൂട്ടുകയോ ഇട ഭാഗം മെറ്റിലും മണ്ണും ഇട്ടുനിറയുകയോ ചെയ്തിട്ടില്ല. ഭാരം കയറ്റിയ വാഹനങ്ങൾ റോഡിന്റെ വശം ചേർന്ന് പോകുമ്പോൾ പാർശ്വഭിത്തിയും ടാറിംഗും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്തതിനാൽ ടാറിംഗിന് വിള്ളലുകൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. ഇത് റോഡിന്റെ തകർച്ചയ്ക്ക് കാരണമായേക്കാം.

ഒരിക്കൽ ഒഴിവായ ദുരന്തം

മുൻ വർഷങ്ങളിൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതിനെതുടർന്ന് രാത്രിയിൽ ഈ ഭാഗത്ത് റോഡ് വിണ്ട് കീറി തകർന്നിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽ മൂലം അന്ന് ഒരു വൻദുരന്തം ഒഴിവാക്കുവാൻ സാധിച്ചു. ഇപ്പോൾ കല്ലട ഡാം തുറന്നു വിടുകയും ആറ്റിലെ ജലനിരപ്പ് ഉയർന്ന് വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചതും റോഡിൽവിള്ളലുകൾ രൂപപ്പെട്ടതും പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വീണ്ടും ഒരു അപകടം ഉണ്ടാകുമെന്ന് ഭീതിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞു വരുന്നത്..റോഡിന്റെയും ജനങ്ങളുടെയും സുരക്ഷ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.